ജോഹനസ്ബർഗ്: ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് ബ്രിക്‌സ് കാണാനാകാതെ പാകിസ്താൻ. അവസാന നിമിഷം വരെ പാകിസ്താനായി ചൈന വാദിച്ചെങ്കിലും ഇന്ത്യയുടെ ശക്തമായ എതിർപ്പിന് മുമ്പിൽ വഴങ്ങുകയായിരുന്നു. കൂട്ടായ്മയെ വിപുലീകരിക്കാനുള്ള പൊതുവായ അഭിപ്രായത്തോട് ഇന്ത്യ യോജിച്ചെങ്കിലും പാകിസ്താനെ ഉൾക്കൊളളാൻ സാധിക്കില്ലെന്ന ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ നിഴൽ രാജ്യത്തെ സഖ്യത്തിൽ ഉൾപ്പെടുത്തി ബ്രിക്‌സിൽ ആധിപത്യം സ്ഥാപിക്കാനുളള ചൈനയുടെ നീക്കത്തിന് വൻ തിരിച്ചടിയായിരിക്കുകയാണ്.
ബ്രിക്‌സിലേയ്‌ക്ക് പുതിയ ആറ് അംഗ രാജ്യങ്ങൾ കൂടി. അർജന്റീന, ഈജിപ്ത്, ഇറാൻ, എത്യോപ്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ ആറ് രാജ്യങ്ങളാണ് പുതിയതായി ബ്രിക്‌സിൽ ഉൾപ്പെട്ടിരിക്കുന്നത്. ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് പുതിയ അംഗങ്ങൾക്ക് ബ്രിക്‌സിൽ അംഗത്വം നൽകിയ കാര്യം അറിയിച്ചത്. പുതിയ അംഗത്വം 2024 ജനുവരി 1 മുതൽ പ്രബല്യത്തിൽ വരും.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് സഖ്യം വിപുലീകരിക്കുന്നത് ഉച്ചകോടിയുടെ അജണ്ടയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പാകിസ്താനെ ബ്രിക്സ് സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള ചൈനയുടെ ശ്രമത്തെ നേരത്തെ തന്നെ ഇന്ത്യ എതിർത്തിരുന്നു. ബ്രിക്സ് സഖ്യം വിപുലീകരിച്ച് പുതിയ രാജ്യങ്ങൾക്ക് അംഗത്വം നൽകുന്നതിലൂടെ കൂടുതൽ വികസ്വര രാജ്യങ്ങൾ ബ്രിക്‌സിന്റെ ഭാഗമാകും. പുതിയ ചേർക്കലിലും ഏറ്റവും കൂടുതൽ ഉൾപ്പെട്ടിരിക്കുന്നത് ഏഷ്യൻ രാജ്യങ്ങളാണ്.
ബ്രിക്സ് അംഗത്വത്തിന്റെ വിപുലീകരണത്തിന് ഇന്ത്യ എല്ലായ്പ്പോഴും പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ രാജ്യങ്ങൾക്ക് ബ്രിക്‌സിൽ അംഗത്വം നൽകുന്നതിലൂടെ ബ്രിക്‌സ് സഖ്യത്തെ ശക്തിപ്പെടുത്താൻ സാധിക്കുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ഈ രാജ്യങ്ങളുമായുളള സഹകരണം വർദ്ധിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പുതിയ ബ്രിക്സ് അംഗങ്ങളുമായി ഇന്ത്യക്ക് വളരെ ആഴമേറിയതും ചരിത്രപരവുമായ ബന്ധമുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം, സഹകരണ ബന്ധതിന് പുതിയ തലം കണ്ടെത്തുമെന്നും വ്യക്തമാക്കി.
















Comments