കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രത്തിന് ശേഷം വ്യത്യസ്തമായ ഒരു മുഴുനീള പോലീസ് വേഷത്തിൽ ഷെയ്ൻ നിഗം എത്തുന്ന ചിത്രമാണ് വേല. ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം സണ്ണി വെയ്‌നും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ക്രൈം ഡ്രാമയായാണ് ചിത്രം എത്തുന്നത്. വേലയുടെ ട്രെയിലർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഇന്ന് തിയറ്ററുകളിലെത്തിയ കിംഗ് ഓഫ് കൊത്തയുടെ പ്രദർശനവേളയിലാണ് ചിത്രത്തിന്റെ ട്രെയിലറും റിലീസ് ചെയ്തത്. നവാഗതനായ ശ്യാം ശശിയാണ് വേല സംവിധാനം ചെയ്യുന്നത്.
നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതനും ചിത്രത്തിൽ വ്യത്യസ്തമായ വേഷമാണ് കൈകാര്യം ചെയ്യുന്നത്. പോലീസ് കൺട്രോൾ റൂം പശ്ചാത്തലത്തിലമായി ഒരുങ്ങുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. കാഴ്ചക്കാരെ ആവേശത്തിലാഴ്‌ത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ. പോലീസ് വേഷത്തിലുള്ള ഷെയ്ൻ നിഗത്തിന്റെയും എസ്‌ഐ മല്ലികാർജുനനായി എത്തുന്ന സണ്ണി വെയ്ന്റെയും ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെ സമൂഹ മാദ്ധ്യമങ്ങളിൽ സിനിമാപ്രേമികളുടെ ശ്രദ്ധയാകർഷിച്ചിരുന്നു.
തെന്നിന്ത്യൻ നായിക അതിഥി ബാലനാണ് ചിത്രത്തിലെ നായിക. എസ് ജോർജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ദുൽഖറിന്റെ വേഫെറെർ ഫിലിംസാണ് ഏറ്റെടുത്തിരിക്കുന്നത്.
Comments