തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പരിഹാരം കണ്ടെത്തുന്നതിനായി ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. ലോഡ് ഷെഡിംഗ് ഏർപ്പെടുത്തണ്ട എന്ന് സർക്കാർ തീരുമാനത്തിൽ എത്തിയെങ്കിലും നിലവിലെ സ്ഥിതിഗതികൾ വൈദ്യുതി വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ അറിയിക്കും. നിലവിൽ പുറത്ത് നിന്നും ഡിസംബർ മാസം വരെ വൈദ്യുതി വാങ്ങാനുള്ള അനുമതി റഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയ്‌ക്ക് നൽകിയിട്ടുണ്ട്.
അതേസമയം അടുത്ത മാസവും വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ നിരക്കിൽ സർ ചാർജ് ഈടാക്കുമെന്നാണ് വിവരം. കെഎസ്ഇബി നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേർത്താണ് 19 പൈസ സർചാർജ് ഈടാക്കുക. ഇന്ന് സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വർദ്ധനവടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായുള്ള വൈദ്യുതി മന്ത്രിയുടെ കൂടിക്കാഴ്ചയിൽ തീരുമാനിക്കും.
ഉല്പാദന ശേഷി കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പരിഹാരവും ഇന്ന് കണ്ടെത്തുെമെന്നാണ് പ്രതീക്ഷ. നിലവിൽ പവർ കട്ടിംങിലേക്ക് പോകണ്ട എന്നാണ് സർക്കാർ തീരുമാനം. പുറത്ത് നിന്നും ഡിസംബർ മാസം വരെ വൈദ്യുതി വാങ്ങാനുള്ള അനുമതി റഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയ്‌ക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഇത് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ കടുത്ത നിയന്ത്രണം വേണ്ടിവരുമെന്നും ചാർജ് വർദ്ധനവുണ്ടായേക്കാമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. വൈദ്യുതി വാങ്ങുന്ന വിലയ്‌ക്കനുസരിച്ച് ചാർജ് വർദ്ധിപ്പിക്കണം എന്നതാണ് നിലവിൽ ഊർജ്ജവകുപ്പിന്റെ തീരുമാനം. 450 മെഗാ വാട്ട് കരാർ റദ്ദാക്കിയതിനോടൊപ്പം തന്നെ സംസ്ഥാനത്ത് 300 മെഗാ വാട്ടിന്റെ വൈദ്യുതി കുറവുണ്ടെന്ന് കഴിഞ്ഞ ദിവസം ബോർഡ് അറിയിച്ചിട്ടുണ്ട്. ഇതും കൂടി കണക്കിലെടുത്തായിരിക്കും ചർച്ചയിൽ തീരുമാനം ഉണ്ടാകുക.
Comments