നാടെങ്ങും മാവേലി തമ്പുരാനെ വരവേൽക്കാനുള്ള തിരക്കിലാണ്. പൂക്കളമിട്ടും , ഓണക്കോടിയുടുത്തും , സദ്യ കഴിച്ചും അങ്ങനെ ബഹുജനം പലവിധത്തിൽ ഓണം കൊണ്ടാടുകയാണ്. മക്കൾക്കും കൊച്ചുമക്കൾക്കുമായി ഓണസദ്യ ഒരുക്കാൻ മുന്നിട്ടു നിൽക്കുന്ന മുത്തശ്ശീ മുത്തച്ഛന്മാർ അത് കഴിക്കുന്ന സമയം വന്നാൽ ഒന്ന് പുറകോട്ട് നിൽക്കുന്നത് കാണാം. ‘ഇതൊന്നും ഞങ്ങൾക്ക് കഴിക്കാൻ പറ്റില്ലടാ മക്കളേ’ എന്നാവും അവർ അധികവും പറയുക. എന്നാൽ ഇനി അത്തരം ആധികൾ തത്കാലം മാറ്റി വെയ്‌ക്കാം, സദ്യയിൽ അല്പം മിനുക്കു പണികൾ ചെയ്താൽ എല്ലാവർക്കും ഒപ്പമിരുന്ന് ഗംഭീരമായി സദ്യയുണ്ണാം..
1) നമ്മൾ മലയാളികൾക്ക് പൊതുവേയുള്ള ഒരു ശീലമാണ് പായസത്തിൽ ആവശ്യത്തിൽ കൂടുതൽ മധുരം ചേർക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന പഞ്ചസാര ശരീരത്തിന് അത്ര നല്ലതല്ലാത്തതു കൊണ്ടു തന്നെ ഇത് വേണ്ടെന്ന് വെച്ച് പനംകൽക്കണ്ടമോ തെങ്ങിൻ ശർക്കരയോ പായസത്തിനായി ചേർക്കാം.
2) പരിപ്പുണ്ടാക്കുമ്പോൾ തേങ്ങ തീരെ കുറച്ച് ചെറിയ ഉള്ളി കുറച്ച് അധികം ചേർക്കാം. ഇത് കറിയുടെ രുചി വർദ്ധിപ്പിക്കുന്നു.
പച്ചടി ഉണ്ടാക്കാനുള്ള തൈര് വീട്ടിൽ തന്നെ ഉണ്ടാക്കിയാൽ വയറിനു വരുന്ന അസ്വസ്ഥതകൾ ഒഴിവാക്കാൻ കഴിയും.
3) പപ്പടം എണ്ണയിൽ മുക്കി കോരുന്ന സ്വഭാവകാരാണ് നമ്മൾ. പ്രായമായവർ അമിതമായി എണ്ണ കഴിക്കുന്നത് ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് ഒഴിവാക്കാനായി പപ്പടം ചുട്ടെടുത്ത് കഴിക്കാം.
4). മത്തങ്ങാ പയസമോ മത്തങ്ങ ഉൾപ്പെടുത്തിയിട്ടുള്ള കറികളോ ഉണ്ടാക്കാം. വൈറ്റമിൻ ഡി ധാരാളം അടങ്ങിയിട്ടുള്ള മത്തങ്ങ എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകാൻ സഹായിക്കുന്നു. മത്തക്കുരു കാൽസ്യ സംപുഷ്ടമാണ്. വയർ ശുദ്ധീകരിക്കാനും മത്തൻ അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുന്നത് നല്ലതാണ്.
5) അച്ചാറിൽ കേമൻ നെല്ലിക്കയാണ്. ഉപ്പിലിടാനും അച്ചാറിടാനും നെല്ലിക്കയെ പ്രത്യേകം തിരഞ്ഞെടുക്കാം. അച്ചാറിടുമ്പോൾ എണ്ണ പരമാവധി കുറയ്‌ക്കാൻ ശ്രദ്ധിക്കണം.
ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാർധക്യ സംബന്ധമായ അസുഖങ്ങൾ നേരിടുന്നവർക്കും അതൊന്നും ഇല്ലാത്തവർക്കും സന്തോഷമായി ആരോഗ്യത്തോടെ ഇനി സദ്യയുണ്ണാം.
















Comments