ലക്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ അമേഠിയിൽ മത്സരിക്കുമെന്ന കോൺഗ്രസ് നേതാവ് അജയ് റായിയുടെ പരാമർശത്തോട് പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങൾ അഭിമാനമുള്ളവരാണ്, അവരുടെ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. രാജ്യത്തെ പ്രധാന വിമാന നിർമ്മാണ കമ്പനിയായ ബോയിംഗിന്റെ സിഎസ്ആർ സംരംഭം അമേഠിയിൽ പ്രഖ്യാപിക്കാൻ എത്തിയിരുന്നു മന്ത്രി. 100 മെഡിക്കൽ ക്യാമ്പുകളാണ് ബോയിംഗ് അമേഠിയിൽ ആരംഭിക്കുന്നത്.
ഗാന്ധി കുടുംബത്തിന് തഴച്ച് വളരാൻ അമേഠിയിലെ ജനങ്ങൾ തങ്ങളുടെ എല്ലാ ആനുകൂല്യങ്ങളും എല്ലാം കാലവും ഉപേക്ഷിക്കുമെന്നാണ് വിചാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സർക്കാരിന് കീഴിൽ അമേഠിയിൽ 7,50,000 ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുന്നു. ഗാന്ധി കുടുംബത്തിന് തഴച്ചുവളരാൻ പാവപ്പെട്ടവർ ഭക്ഷ്യധാന്യങ്ങൾ ഉപേക്ഷിക്കുമെന്ന് കരുതുന്നുണ്ടോ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ സ്മൃതി ഇറാനി ചോദിച്ചു.
ജനാധിപത്യത്തിൽ എല്ലാവർക്കും എവിടെ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമുണ്ട്, എന്നാൽ അമേഠിയിലെ ജനങ്ങളെ രാക്ഷസൻമാർ എന്നുവിളിച്ചവരോട് ക്ഷമിക്കാൻ അവർ തയ്യാറാകുമെന്ന് കരുതുന്നുണ്ടോ മന്ത്രി ആഞ്ഞടിച്ചു, അമേഠിയിലെ ജനങ്ങൾ തങ്ങളുടെ ആത്മാഭിമാനത്തോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി രാഹുലിലെ പരാജയപ്പെടുത്തിയത് 55,000 വോട്ടിനായിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ അമേഠിയിൽ മത്സരിക്കുമെന്ന് ഈ മാസം ആദ്യം കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് റായ് പറഞ്ഞിരുന്നു.
Comments