കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് വീട്ടിൽ നിന്ന് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം സജ്ജം. 80 വയസിന് മുകളിൽ പ്രായമുള്ളവർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ഇന്നലെ മുതൽ സെപ്റ്റംബർ രണ്ട് വരെ സ്വന്തം വീടുകളിലിരുന്ന് വോട്ട് രേഖപ്പെടുത്താവുന്നതാണ്. ആബ്‌സെന്റീ വോട്ട് അഥവാ അസന്നിഹിത വോട്ട് എന്നാണ് ഇതറിയപ്പെടുന്നത്.
പോളിംഗ് ദിവസം വിവിധ കാരണങ്ങളാൽ ബൂത്തിൽ എത്തിച്ചേരാൻ കഴിയാത്തവരെയാണ് അസന്നിഹിതരായ വോട്ടർമാർ എന്ന് പറയുന്നത്. ഇവർക്ക് വേണ്ടി പ്രത്യേക തപാൽ വോട്ടിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇത്തവണ ജില്ലയിൽ 2,549 പേരാണ് വീട്ടിൽ നിന്ന് തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷിച്ചിരിക്കുന്നത്. അസന്നിഹിതരായ വോട്ടർമാരിൽ 2,549 പേരിൽ 350 പേർ ഭിന്നശേഷി വിഭാഗത്തിൽ പെടുന്നവരും 2199 പേർ 80 വയസിന് മുകളിലുള്ളവരുമാണ്.
തപാൽ വോട്ട് ചെയ്യുന്നതിന് വേണ്ടി 12ഡി അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകിയവർക്കാണ് ഇത്തരത്തിൽ വോട്ട് ചെയ്യാൻ സാധിക്കുക. അസന്നിഹിതരായ വോട്ടർമാർക്ക് മുൻകൂട്ടി അറിയപ്പ് നൽകിയതിന് ശേഷം വീട്ടിൽ തന്നെ തപാൽ വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കും. അപേക്ഷകരുടെ വീടുകളിൽ പ്രത്യേക പോളിംഗ് സംഘമെത്തിയാകും വോട്ട് രേഖപ്പെടുത്തുക. ഈ അവസരത്തിലും വോട്ട് ചെയ്യാനാകാത്തവർക്ക് പിന്നീട് വോട്ട് രേഖപ്പെടുത്താനുള്ള അവസരമുണ്ടാകില്ല.
അസന്നിഹിത വോട്ട് രേഖപ്പെടുത്തലിനായി 15 ടീമുകളാണ് ഉള്ളത്. ഒരു മൈക്രോ ഒബ്‌സർവർ, പ്രീസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, വീഡിയോഗ്രാഫർ, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നിവരാണ് ഒരു ടീമിലുള്ളത്. ബി എൽ ഒമാരുടെ സഹായത്തോടെ വീട് കണ്ടെത്തിയാണ് സ്‌പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർ വോട്ടിംഗിനായി വീട്ടിലെത്തുക.
Comments