റിയാദ്: രാജ്യത്തെ ശിശു സംരക്ഷണ നിയമത്തില്‍ പൊളിച്ചെഴുത്തുമായി സൗദി സര്‍ക്കാര്‍. മതിയായ കാരണമില്ലാതെ കൂട്ടികള്‍ സ്‌കൂളില്‍ എത്താതിരുന്നാല്‍ ഇനി മുതല്‍ രക്ഷിതാക്കള്‍ക്ക് അഴിയെണ്ണേണ്ടിവരും. കൃത്യമായ കാരണമില്ലാതെ കുട്ടികള്‍ 20 ദിവസം സ്‌കൂളില്‍ എത്താതിരുന്നാലാണ് പുതിയ നിയമപ്രകാരം രക്ഷിതാക്കള്‍ക്ക് ജയില്‍വാസം അടക്കമുള്ള ശിക്ഷകള്‍ നല്‍കുന്നത്.
എന്നാല്‍ ശിക്ഷാ കാര്യങ്ങള്‍ സൗദി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയത്. കാരണം ബോധിപ്പിക്കാതെ കുട്ടികള്‍ 20 ദിവസം സ്‌കൂളില്‍ ഹാജരായില്ലെങ്കില്‍ രാജ്യത്തെ ശിശു സംരക്ഷണ നിയമ പ്രകാരം രക്ഷിതാക്കള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണമുണ്ടാകും.
അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കേസ് കോടതിക്ക് വിടും. കുട്ടിയുടെ പഠനം മുടങ്ങാന്‍ കാരണം രക്ഷിതാക്കളാണെന്ന് കണ്ടെത്തിയാല്‍ ജയില്‍വാസം അടക്കമുള്ള ശിക്ഷാ നടപടികള്‍ തീരുമാനിക്കാന്‍ ജഡ്ജിക്ക് അധികാരം നല്‍കാനാണ് ആലോചന.
രക്ഷിതാക്കള്‍ക്കുള്ള നിയമ നടപടികള്‍ വിവിധ ഘട്ടങ്ങളായാണ് നടപ്പാക്കുക. കുട്ടികള്‍ സ്‌കൂളിലെത്താത്തത് ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌കൂള്‍ മേധാവികള്‍ വിവരം അതത് വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റുകളെ അറിയിക്കണം.ഇവര്‍ അന്വേഷണം നടത്തിയ ശേഷം കേസ് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് കൈമാറും. തുടര്‍ന്ന് കുടുംബ സംരക്ഷണ വകുപ്പ് കുട്ടിയുടെ മൊഴിയെടുക്കും. ഇതിന് ശേഷം ആവശ്യമെന്ന് കണ്ടാല്‍ മാത്രമാണ് കേസ് പ്രോസിക്യൂഷന്‍ അന്വേഷണത്തിന് വിടുകയെന്നും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments