കൊച്ചി: ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളി ചാനലിന്റെ ഉടമ ഷാജൻ സ്കറിയയുടെ അറസ്റ്റിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പോലീസിനെതിരെ വിമർശനം ഉന്നയിച്ചത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലുള്ള ഘട്ടത്തിലാണ് അറസ്റ്റ് നടന്നതെന്നും പോലീസ് സമയം ചോദിച്ചതിനാലാണ് ഹർജി പരിഗണിക്കുന്നതിൽ കാലതാമസമുണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമനടപടികളെ ദുരുപയോഗം ചെയ്താണ് പോലീസ് തിരക്കിട്ട് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും കോടതി വിമർശിച്ചു.
മതവിദ്വേഷം വളർത്താൻ ശ്രമിച്ചുവെന്ന കേസിൽ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ ഹാജരായ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് വിധേയമായ ഘട്ടത്തിലാണ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യുന്നത്. തൃക്കാക്കരയിൽ രജിസ്റ്റർ ചെയ്ത വ്യാജരേഖ ചമച്ച കേസിലായിരുന്നു അറസ്റ്റ്. ആഭ്യന്തര കലാപം സൃഷ്ടിക്കുന്നതിന് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നായിരുന്നു ഷാജനെതിരായ കേസ്. സംഭവത്തിൽ കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു.
Comments