ന്യൂഡൽഹി: അരുണാചൽ പ്രദേശിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതായി ചിത്രീകരിക്കുന്ന ചൈനയുടെ ‘സ്റ്റാൻഡേർഡ് മാപ്പിനെ’ തള്ളി ഇന്ത്യ. ബെയ്ജിംഗിന്റെ അവകാശവാദങ്ങൾ നിരസിച്ച കേന്ദ്രസർക്കാർ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. ചൈനയുടെ ഭാഗത്തുനിന്നും നിരന്തരമായി തുടരുന്ന ഇത്തരം നടപടികൾ അതിർത്തി വിഷയത്തെ കൂടുതൽ സങ്കീർണമാക്കുക മാത്രമാണ് ചെയ്യുകയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചു.
ഓഗസ്റ്റ് 28ന് ബെയ്ജിംഗ് പുറത്തിറക്കിയ ഭൂപടത്തിൽ അരുണാചൽ പ്രദേശിനെ ദക്ഷിണ ടിബറ്റ് എന്ന് വിശേഷിപ്പിക്കുകയും ഈ പ്രദേശം 1962ലെ യുദ്ധത്തിൽ കൈവശപ്പെടുത്തിയെന്ന് കാണിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. സ്വന്തമല്ലാത്ത പ്രദേശങ്ങൾ സ്വന്തം ഭൂമിയാണെന്ന് കാണിച്ച് ഭൂപടമുണ്ടാക്കുന്നത് ചൈനയ്‌ക്ക് നേരത്തേയുള്ള സ്വഭാവമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രതികരിച്ചു. ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് സ്വന്തം ഭൂപടമുണ്ടാക്കുന്നതാണ് ചൈനയുടെ പണി. ഇത്തരത്തിൽ ഭൂപടമുണ്ടാക്കിയത് കൊണ്ട് കാര്യമൊന്നുമില്ല. ഇന്ത്യയുടെ ഭൂമിയും അതിർത്തിയും എവിടെവരെയുണ്ടെന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന് വ്യക്തമായ ധാരണയുണ്ട്. അസംബന്ധം വിളിച്ച് പറഞ്ഞതുകൊണ്ട് മറ്റുള്ളവരുടെ ഭൂമി കൈയ്യടക്കാൻ കഴിയില്ലെന്ന് ചൈന മനസിലാക്കണമെന്നും ജയശങ്കർ പറഞ്ഞു.
2023ലെ സ്റ്റാൻഡേർഡ് മാപ്പ്’ എന്ന് പേരിട്ടാണ് പുതിയ ഭൂപടം ചൈന പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ ഭൂമി കൈയ്യേറിയെന്ന് കാണിക്കുന്ന ചൈനയുടെ പുതിയ നീക്കത്തിനെതിരെ നയതന്ത്ര ബന്ധങ്ങൾ മുഖേന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായി അരിന്ദം ബാഗ്ച്ചിയും അറിയിച്ചു. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം അവകാശവാദങ്ങളെ ഇന്ത്യ തള്ളിക്കളയുന്നു. ഇത്തരം നടപടികൾ അതിർത്തി പ്രശ്‌നം പരിഹരിക്കുകയല്ല, മറിച്ച് കൂടുതൽ സങ്കീർണ്ണമാക്കാൻ മാത്രമേ ഉപകരിക്കൂവെന്നും അരിന്ദം ബാഗ്ച്ചി കൂട്ടിച്ചേർത്തു.
Comments