ഓണാവധിയ്‌ക്ക് പൊന്മുടിയിലെത്തിയത് പതിനായിരങ്ങൾ; തലവേദനയായി ഗതാഗതകുരുക്ക്

Published by
Janam Web Desk

തിരുവനന്തപുരം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ പതിനായിരത്തോളം വിനോദ സഞ്ചാരികളാണ് ഓണത്തോടനുബന്ധിച്ച് എത്തിയത്. ഓണം അവധി ആരംഭിച്ചതിന് ശേഷം ഇന്നലെ വരെ നിരവധി പേരാണ് പൊന്മുടിയുടെ ദൃശ്യഭംഗി ആസ്വദിക്കാൻ മലകയറിയത്. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളേക്കാൾ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ബസിൽ വരുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനയാണുള്ളത്. പൊന്മുടിയിലെത്തുന്ന വിനോദ സഞ്ചാരികളെ വെട്ടിലാക്കുന്ന ഒന്നാണ് ഗതാഗത കുരുക്ക്. കല്ലാർ ഗോൾഡൻ വാലി ചെക്‌പോസ്റ്റിലും പൊന്മുടി ചെക്‌പോസ്റ്റിലും വാഹനങ്ങളുടെ നീണ്ട നിരയാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. ഗതാഗത കുരുക്കിലും വാഹന പരിശോധനയിലും കുടുങ്ങുന്നതോടെ ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ആളുകൾ പൊന്മുടിയിലേക്ക് കടക്കുന്നത്.

വിനോദസഞ്ചാരികൾ നിരന്തരം എത്തുന്ന മേഖലയായതിനാൽ പൊന്മുടിയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുകയാണ്. എന്നാൽ സർക്കാർ ഇത് മുഖവിലയ്‌ക്ക് എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വൈകുന്നേരമുള്ള അവസാന ബസിൽ ആളുകൾ തിങ്ങി കൂടിയാണ് മലയിറങ്ങുന്നത്. പൊന്മുടി റോഡിലെ പല ഭാഗത്തും മണ്ണിടിച്ചിലിന് സാധ്യത ഉള്ളതിനാൽ ഇത് കൂടുതൽ അപകടത്തിലേക്ക് നയിക്കുമെന്നും നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നു.

Share
Leave a Comment