തൃശൂർ: തൃപ്രയാർ നാട്ടിക എസ്എൻ ട്രസ്റ്റ് സ്കൂളിലെ പ്ലസ്വൺ വിദ്യാർത്ഥി റിതുൽ രാജിന് ഓണസമ്മാനമായി പുത്തൻ വീട് നൽകി നടൻ സുരേഷ്ഗോപി. കഴിഞ്ഞ ദിവസമാണ് നാട്ടിക എകെജി കോളനിയിലെത്തി സുരേഷ്ഗോപി പുതിയ വീടിന്റെ താക്കോൽ കൈമാറിയത്. നിലവിളക്ക് കൊളുത്തി അദ്ദേഹം ഗൃഹപ്രവേശന ചടങ്ങ് നടത്തി.
സേവാഭാരതി തൃപ്രയാർ യൂണിറ്റിന്റെ നേതൃത്വത്തിലാണ് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. ഗോവിന്ദം എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. വീട് നിർമ്മാണത്തിൽ പങ്കെടുത്ത എല്ലാ തൊഴിലാളികൾക്കും സുരേഷ്ഗോപി ഓണക്കോടി സമ്മാനിച്ചു. രണ്ട് മുറികളും ഒരു ഹാളും അടുക്കളയും സിറ്റൗട്ടുമുള്ള വീടാണ് റിതുലിനും കുടുംബത്തിനും ലഭിച്ചിരിക്കുന്നത്. അഞ്ച് മാസം കൊണ്ടാണ് വീട് നിർമ്മാണം പൂർത്തിയായത്.
റിതുൽ രാജിന്റെ പണയത്തിലായ വീട് ജപ്തി ചെയ്യുമെന്ന അവസ്ഥ വന്നപ്പോൾ എസ്എൻ ട്രസ്റ്റ് സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നാണ് പണം സ്വരൂപിച്ച് വീടിന്റെ ആധാരം തിരിച്ചെടുത്തത്. ആധാരം കൈമാറുന്നതിന് സുരേഷ്ഗോപിയാണ് സ്കൂളിലെത്തിയത്. വീടിന്റെ അവസ്ഥ കണ്ട് പുതിയ വീട് നിർമ്മിക്കാൻ സഹായിക്കാമെന്ന് അദ്ദേഹം ആ സമയം അവിടെ വെച്ച് അറിയിക്കുകയായിരുന്നു.
Comments