എറണാകുളം: ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരായ ലൈംഗിക അതിക്രമ ആരോപണത്തിൽ പരാതിക്കാരിയായ ഡോക്ടറിൽ നിന്നും ഇന്ന് മൊഴി എടുക്കും. വിദേശത്തുള്ള ഡോക്ടറിൽ നിന്നും ഓൺലൈനായിട്ടാണ് മൊഴി എടുക്കുന്നത്. മൊഴി എടുത്തതിന് ശേഷം ഇന്ന് തന്നെ എഫ് ഐആർ രജിസ്റ്റർ ചെയ്യാനുള്ള തീരുമാനത്തിലാണ് കൊച്ചി സെൻട്രൽ പോലീസ്.
എറണാകുളം ജനറൽ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടർക്കെതിരെയാണ് വനിതാ ഡോക്ടറുടെ പരാതി. മുതിർന്ന ഡോക്ടർ ബലമായി ചുംബിച്ചെന്ന വനിതാ ഡോക്ടറുടെ ആരോപണത്തിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. 2019-ല്‍ നടന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും ഡോക്ടര്‍ പരാതി നൽകിയിരുന്നു.
2019- ൽ എറണാകുളം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന സമയത്ത് സീനിയർ ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചതായാണ് വനിതാ ഡോക്ടർ ഉന്നയിക്കുന്ന ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം നടത്തിയത്. സീനിയർ ഡോക്ടറിനെതിരെ തൊട്ടടുത്ത ദിവസം മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നതായും വനിത ഡോക്ടർ പറയുന്നു. എന്നാൽ ഫലമുണ്ടായില്ല. തന്നെ അപമാനിച്ച ഡോക്ടർ നിലവിൽ ജനറൽ ആശുപത്രിയിൽ നിന്നും സ്ഥലം മാറി പോയതോടെയാണ് പോസ്റ്റിട്ടതെന്നുമാണ് ഡോക്ടർ നൽകുന്ന വിശദീകരണം.
Comments