തൃശൂർ: പാരടി ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾക്ക് പരിക്ക്. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് വിവരം പുറത്തറിയിക്കാനായത്. വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി പോകവെയായിരുന്നു ആക്രമണം. മുക്കം പുഴ ഊരിലെ കൃഷ്ണൻ-ശ്രീമതി ദമ്പതികൾക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
രാത്രിയോടെ വനവിഭവങ്ങൾ ശേഖരിച്ച ശേഷം വിശ്രമിക്കുകയായിരുന്നു ഇരുവരും. ഈ സമയമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇരുവരും ഒരു ദിവസത്തോളം കാട്ടിൽ കുടുങ്ങുകയായിരുന്നു. മൊബൈൽ ഫോണിന്റെ സിഗ്നൽ നഷ്ടപ്പെട്ടതോടെ കൂടുതൽ പ്രതിസന്ധിയിലായി. വിവരം വനംവകുപ്പിനെ അറിയിക്കാനും സാധിച്ചില്ല. തുടർന്ന് തൊട്ടടുത്ത ദിവസം മാത്രമാണ് ഉൾവനത്തിൽ നിന്നും സിഗ്നൽ ലഭിക്കുന്നിടത്തേക്ക് ഇരുവർക്കും എത്താനായത്. പിന്നാലെ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
പിന്നാലെ ഉദ്യോഗസ്ഥർ ചങ്ങാടത്തിൽ പുഴ കടന്ന് ഇവർക്കരികിൽ എത്തിയെങ്കിലും രാത്രി വന്യമൃഗങ്ങളുടെ ആക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ പുറത്തെത്തിക്കാനായില്ല. പകരം വനത്തിനുള്ളിൽ ദമ്പതികൾക്ക് സുരക്ഷ ഒരുക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും മഴയും തടസ്സമായി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തിനൊടുവിലാണ് ഇരുവരെയും
വനത്തിൽ നിന്നും പുറത്തെത്തിച്ചത്. നിലവിൽ ഇരുവരെയും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments