ചെന്നൈ: താൻ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും സംസ്ഥാന കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമ്മം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിനാലാണ് തനിക്ക് അങ്ങനെ പറയേണ്ടിവന്നതെന്നും പെരിയാർ അടക്കമുള്ളവരുടെ അഭിപ്രായവും ഇത് തന്നെയായിരുന്നു എന്നും ഉദനിധി സ്റ്റാലിൻ പറഞ്ഞു. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. അതിന്റെ പേരിൽ എന്ത് പ്രത്യാഘാതം ഉണ്ടായാലും നേരിടാൻ തയ്യാറാണെന്നും ഉദയനിധി വ്യക്തമാക്കി.
സനാതന ധർമ്മം സമൂഹത്തിൽ ഉണ്ടാക്കുന്ന ഭിന്നിപ്പുകളാണ് ഞാൻ എടുത്ത് പറഞ്ഞത്. അവഗണിക്കപ്പെടുന്നവരുടെ പക്ഷത്ത് നിന്നാണ് ഞാൻ സംസാരിക്കുന്നത്. സനാതന ധർമ്മത്തിന്റെ വേരറുക്കുക എന്നത് മാനവിക മൂല്യങ്ങളെ മാനിക്കുന്നതിന്റെ ഭാഗമാണ്. പെരിയാർ അടക്കമുള്ളവരുടെ വാക്കുകളും നിരീക്ഷണങ്ങളും ഞാൻ പറഞ്ഞതിനെ സ്ഥാപിക്കുന്നതാണ്. ഒരു തരത്തിലുള്ള വംശഹത്യയ്ക്കും ഞാൻ ആഹ്വാനം ചെയ്യുന്നില്ല. പറഞ്ഞ വാക്കുകളിൽ തന്നെ ഉറച്ചുനിൽക്കുന്നു. ഉദയനിധി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. മലേറിയ, ഡെങ്കിപ്പനി, കൊറോണ എന്നിവയെപ്പോലെ തുടച്ചുനീക്കപ്പടേണ്ട ഒന്നാണ് ഹിന്ദുമതമെന്നും അതിനായി മുന്നിട്ടിറങ്ങുക തന്നെ വേണമെന്നുമായിരുന്നു ഉദയനിധി പറഞ്ഞു. ഡിഎംകെ അനുകൂല സംഘടന നടത്തിയ ‘സനാതന ധർമ്മം ഉന്മൂലന സമ്മേളന’ത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉദയനിധി. ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചതിന് സംഘാടകർക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. നിങ്ങൾ സനാതന ധർമ്മ വിരുദ്ധ സമ്മേളനമല്ല സനാതന ധർമ്മ ഉന്മൂല സമ്മേളനമാണ് നടത്തിയിരിക്കുന്നത്. അതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
രൂക്ഷവിമർശനമാണ് ഉദനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ ഉയർന്നിരിക്കുന്നത്. പരാമർശത്തിനെതിരെ ബിജെപി വക്താവ് ഷെഹ്സാദ് പുനെവാല രംഗത്തുവന്നു. ഉദയനിധിയുടെ പരാമർശം വംശീയഹത്യക്കുള്ള ആഹ്വാനമാണെന്ന് ഷെഹ്സാദ് വിമർശിച്ചു. സംഭവം അപലപനീയനമാണ്. പ്രസംഗം ദീർഘകാലമായി നിലനിൽക്കുന്ന സനാതന വിരോധ പ്രചരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു.
Comments