രാമേശ്വരം: ഉത്തരാഖണ്ഡിൽ നിന്ന് 4000 കിലോമീറ്റർ സഞ്ചരിച്ച് നാഗസന്യാസിമാർ സാഷ്ടാംഗ നമസ്കാര തീർത്ഥയാത്ര പൂർത്തിയാക്കി രാമേശ്വരം ക്ഷേത്രത്തിലെത്തി സ്വാമി ദർശനം നടത്തി.
ദാമോദരദാസ്, മോനി ബാബ, തുളസീദാസ് എന്നിവരുൾപ്പെടെ 7 നാഗസാധുക്കൾ 2022 ജൂണിൽ, ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ പുണ്യസ്നാനം നടത്തി ആരംഭിച്ച തീർത്ഥയാത്രയാണ് ഇന്നലെ പൂർത്തിയായത്. യുപി, എംപി, ഗുജറാത്ത്, മഹാരാഷ്‌ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾ കടന്ന് തമിഴ്‌നാട്ടിൽ എത്തിയ ഇവർ ഇന്നലെ രാമേശ്വരം ക്ഷേത്രത്തിലെത്തി രാമനാഥ സ്വാമിയേ ദർശിച്ചു.
ദിവസവും 10 കിലോമീറ്റർ റോഡിൽ കിടന്ന് സാഷ്ടാംഗ നമസ്കാരം ചെയ്താണ് 13 മാസം കൊണ്ട് 4000 കിലോമീറ്റർ ഇവർ പിന്നിട്ടത്.
ഒരു കാറിൽ അവരെ സഹായിക്കാൻ 4 സന്യാസിമാർ കൂടെ ഉണ്ടായിരുന്നു . ഇന്നലെ രാവിലെ രാമേശ്വരം ക്ഷേത്രത്തിലും അമ്മൻ ശ്രീകോവിലിലും ദർശനം നടത്തി. കാറിൽ തിരികെ ഗംഗോത്രിയിലേക്ക് പോയി.
ഭാവിയിൽ മഹാമാരിയിൽ നിന്ന് മുക്തമായ ഒരു ലോകത്തിനായി കഴിഞ്ഞ ജൂൺ 29ന് ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ നിന്നാണ് രാമേശ്വരത്തെത്തുക എന്ന ലക്ഷ്യത്തോടെ മൂവരും യാത്ര തുടങ്ങിയത്. ഒരു കാറിന്റെ അകമ്പടിയോടെ സഞ്ചരിച്ച മൂവരും അവരുടെ മുന്നിൽ തെർമോകോൾ ഷീറ്റ് ഇട്ട് , അതിൽ കിടന്ന്, കൈകൾ നീട്ടി അവരുടെ മുന്നിൽ ഒരു കല്ല് വയ്‌ക്കുകയും , എഴുന്നേറ്റു, കല്ല് വെച്ച സ്ഥലത്തേക്ക് തെർമോക്കോൾ ഷീറ്റ് എടുത്ത് വെച്ച് പ്രക്രിയ ആവർത്തിക്കുകയും ചെയ്താണ് നീങ്ങിയത്. ദിവസേന 10 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ടായിരുന്നു എന്ന് അവർ പറഞ്ഞു.
ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് പോലും അവർ യാത്ര തുടർന്നിരുന്നു. സാഷ്ടാംഗ നമസ്കാരം ചെയ്തു കൊണ്ട് പൂർത്തിയാക്കിയ ഈ യാത്രക്ക് അവർ നൽകിയ പേര് “കനക് ദണ്ഡവത് യാത്ര” എന്നാണ്.വഴിയിൽ തിരുവണ്ണാമല , ഭദ്രാചലം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങൾ എല്ലാം സന്ദർശിച്ചിരുന്നു
ഒരാളുടെ നെറ്റി മുതൽ കാൽവിരലുകൾ വരെയുള്ള എട്ട് ശരീരഭാഗങ്ങൾ നിലത്തു തൊടുന്ന നമസ്കാര രീതിയാണ് സാഷ്ടാംഗ നമസ്കാരം . ശിരസ്സ്, കണ്ണ്, ചെവി, വായ, കൈ, തുട, കാലുകൾ എന്നിങ്ങനെ എട്ട് ശരീരഭാഗങ്ങൾ നിലത്ത് സ്പർശിക്കുന്ന രീതിയിൽ നമസ്കാരം നടത്തിയാൽ എല്ലാ പാപങ്ങളിൽ നിന്നും ഒരാൾ ശുദ്ധീകരിക്കപ്പെടുന്നുവെന്നാണ് വിശ്വാസം.
Comments