കാൻഡി: മഴകൊണ്ടുപോയ മത്സരത്തിന് പിന്നാലെ ഉയർന്ന വിമർശനങ്ങളുടെ മുനയൊടിക്കാൻ ഇന്ത്യയ്‌ക്ക് മറ്റൊരു അവസരം കൂടി. ഏഷ്യാകപ്പിൽ സൂപ്പർ ഫോറിൽ ചിരവൈരികളുമായി ഇന്ത്യ ഏറ്റുമുട്ടു. ഇതിന്റെ മത്സരക്രമം പുറത്തുവിട്ടു. ഞായറാഴ്ചയാണ് സൂപ്പർ മത്സരം. കനത്ത മഴ തുടരുന്നതിനാൽ ഇന്ത്യ-പാക് മത്സരവേദി ഹംബൻടോട്ടയിലേക്ക് മാറ്റുമെന്ന് സൂചനകളുണ്ടെങ്കിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല.
10ന് പാകിസ്താനെതിരെയുളള മത്സരത്തിന് ശേഷം 12ന് അഫ്ഗാൻ-ശ്രീലങ്ക പോരാട്ടത്തിലെ വിജയികളെ ഇന്ത്യ നേരിടണം. സൂപ്പർ ഫോറിലെ ഇന്ത്യയുടെ രണ്ടാമത്തെ മത്സരമാണ് സെപ്റ്റംബർ 12ലേത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് തോറ്റ അഫ്ഗാന് ഇന്ന് വലിയ മാർജിനിൽ ജയിക്കാനായാൽ മാത്രമേ സൂപ്പർ ഫോറിൽ കടക്കാനാവൂ.
അതേസമയം അഫ്ഗാനെതിരെ ഇന്ന് തോറ്റാലും ശ്രീലങ്കക്ക് സൂപ്പർ ഫോർ കടക്കാൻ സാധിക്കും. ശ്രീലങ്കക്ക് +0.951 ഉം രണ്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് +0.373 ഉം നെറ്റ് റൺറേറ്റുള്ളപ്പോൾ മൂന്നാം സ്ഥാനത്തുള്ള അഫ്ഗാന് -1.780 നെറ്റ് റൺ റേറ്റാണുള്ളത്. സൂപ്പർ ഫോറിൽ 15ന് ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ മൂന്നാമത്തെ മത്സരം. സൂപ്പർ ഫോറിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകളാണ് ഫൈനൽ പോരാട്ടത്തിന് ടിക്കറ്റെടുക്കുക.
ഗ്രൂപ്പ് എയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി പാകിസ്താനും രണ്ടാം സ്ഥാനക്കാരായി ഇന്ത്യയും സൂപ്പർ ഫോറിലെത്തിയിട്ടുണ്ട്. 17ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഫൈനൽ.
Comments