ന്യൂഡൽഹി: ബിരുദ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളിൽ വിദ്യാർത്ഥികളുടെ ആധാർ നമ്പർ പ്രിന്റ് ചെയ്യരുതെന്ന് സർവകലാശാലയ്‌ക്ക് നിർദ്ദേശം നൽകി യുജിസി. സർട്ടിഫിക്കറ്റുകളിൽ ആധാർ നമ്പർ അച്ചടിക്കുന്നതിനായി ചില സംസ്ഥാനങ്ങൾ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് യുജിസിയുടെ നിർദ്ദേശം. ആധാർ നമ്പർ കൈവശമുള്ള ഒരു സ്ഥാപനവും ഇത് പരസ്യമാക്കുന്ന തരത്തിൽ പ്രിന്റ് ചെയ്യരുതെന്ന് യുജിസി സെക്രട്ടറി മനീഷ് ജോഷി ഉത്തരവിലൂടെ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ യുഐഡിഐയുടെ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ബിരുദ സർട്ടിഫിക്കറ്റുകളിൽ വിദ്യാർത്ഥികളുടെ ഫോട്ടോ, ആധാർ നമ്പർ എന്നിവ നിർബന്ധമാണെന്ന് 2017-ൽ യുജിസി പുറത്തിറക്കിയ നിർദ്ദേശത്തിൽ പരാമർശിച്ചിരുന്നു. സർട്ടിഫിക്കറ്റുകളുടെ വ്യാജ പതിപ്പിന് തടയിടുന്നതിന് വേണ്ടിയായിരുന്നു അന്ന് ഉത്തരവിറക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതുക്കിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
Comments