ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് നമ്പർപ്ലേറ്റ് മാറ്റി ഉപയോഗിച്ച പ്രതികൾ അറസ്റ്റിൽ. പള്ളിക്കൽ സ്വദേശി ഷാനു, മുഹമ്മദ് ഷാൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് 27-ന് പുലർച്ചെയാണ് പ്രതികൾ മോഷണം നടത്തിയത്. പെരിങ്ങനാട് പുത്തൻചന്ത ജംഗ്ഷന് സമീപത്തായുള്ള കടയുടെ മുൻവശത്ത് ഇരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. സംഭവത്തിൽ അടൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തമിഴ്‌നാട് കന്യാകുമാരി സ്വദേശി ജസ്റ്റിൻ രാജിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് മോഷണം പോയത്. കേസിലെ പ്രതിയായ ഷാനുവിന് അടൂർ പഴകുളം കേന്ദ്രീകരിച്ച് മാലിന്യം കൊണ്ടുപോകുന്ന വാഹനം ഉണ്ടായിരുന്നു. ഈ വാഹനം പോലീസ് പിടികൂടാതിരിക്കുന്നതിന് വേണ്ടി അകമ്പടി പോകുന്നതിനാണ് ബൈക്ക് ഉപയോഗിച്ചത്. മോഷണം പോയ വാഹനമാണെന്ന് തിരിച്ചറിയാതിരിക്കുന്നതിനായി രജിസ്‌ട്രേഷൻ നമ്പർ പുതിയതായി ഘടിപ്പിച്ചിരുന്നു.
എന്നാൽ കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള രജിസ്‌ട്രേഷൻ ആയിരുന്നു പ്രതികൾ ഉപയോഗിച്ചത്. ഇതിനാൽ തന്നെ മാറാട് സ്വദേശി മിഥുൻ വിവേകിന് സ്ഥിരമായി നിയമലംഘനം കാണിച്ച് ക്യാമറ പിഴ ലഭിച്ചിരുന്നു. നൂറനാട് സ്റ്റേഷൻ പരിധിയിലുള്ള ക്യാമറയിൽ സ്ഥിരം കുടുങ്ങിയതോടെയാണ് ആർസി ഉടമ പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
Comments