തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് അനുഷ്‌ക ഷെട്ടി. തെലുങ്ക്, തമിഴ് ചിത്രങ്ങളിലാണ് അനുഷ്‌ക കൂടുതലും അഭിനയിച്ചിട്ടുള്ളത്. നിലവിൽ മലയാളത്തിലും ഒരു കൈ പരിക്ഷിക്കാൻ തയ്യാറെടുക്കുകയാണ് അനുഷ്‌ക. ജയസൂര്യ നായകാനാകുന്ന കത്തനാരിലൂടെ മലയാളത്തിലും നായികയായി അരങ്ങേറ്റം നടത്തുകയാണ് അനുഷ്‌ക.
നായിക പ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സിനിമയിൽ നിന്ന് അനുഷ്‌ക ഇടവേള എടുത്തത്. മൂന്ന് വർഷമാണ് അനുഷ്‌ക സിനിമയിൽ നിന്ന് മാറി നിന്നത്. ഇപ്പോഴിതാ സിനിമയിൽ നിന്ന് ഇടവേള എടുക്കാനുള്ള കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് അനുഷ്‌ക ഇക്കാര്യം തുറന്ന് പറഞ്ഞത്.
‘ബാഹുബലി കഴിഞ്ഞപ്പോൾ നേരത്തെ കമ്മിറ്റ് ചെയ്ത ഭാഗ്മതി എന്ന സിനിമ ഉണ്ടായിരുന്നു. ചിത്രം പൂർത്തിയായ ശേഷം ഞാനൊരു ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. ആ സമയത്ത് എനിക്കത് ഏറ്റവും അത്യാവശ്യമായ കാര്യമായിരുന്നു. എന്റെ തീരുമാനമായിരുന്നു അത്. ഭാവിയിൽ ചെയ്യാൻ പോകുന്ന സിനിമകളിൽ കൂടുതൽ ശ്രദ്ധിക്കണമെങ്കിൽ ആ ഇടവേള ആവശ്യമാണെന്ന് തോന്നി. കേട്ട് കേൾവിയില്ലാത്ത ഒരു കാര്യമാണെന്ന് എനിക്കറിയാം. യഥാർത്ഥത്തിൽ എനിക്കതിൽ കൃത്യമായൊരു ഉത്തരമില്ല. പക്ഷെ ഒരിടവേള വളരെ അത്യാവശ്യമായിരുന്നു.
ആ സമയത്ത് ഞാൻ ഒരു തിരക്കഥയും കേട്ടില്ല. ഇടവേളയ്‌ക്ക് ശേഷം കഥകൾ കേട്ട് തുടങ്ങി. ആവേശകരമായി സ്‌ക്രിപ്റ്റുകൾ വന്നാൽ ഞാൻ ചെയ്യും. അത് ഏത് ഭാഷയിലാണെങ്കിലും ചെയ്യും. നല്ലൊരു കഥ ലഭിക്കുക ആണെങ്കിൽ ബോളിവുഡിലും ഒരു കൈനോക്കും’, എന്നാണ് അനുഷ്‌കയുടെ വാക്കുകൾ.
മിസ് ഷെട്ടി ആന്റ് മിസ്റ്റർ പൊളിഷെട്ടിയാണ് അനുഷ്‌കയുടെ പുറത്തുവരാനിരിക്കുന്ന ചിത്രം. ജയസൂര്യ നായകനായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം കത്തനാരിലൂടെ ആണ് അനുഷ്‌ക മലയാളത്തിൽ വരവറിയിച്ചിരിക്കുന്നത്. ത്രീഡിയിൽ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസ് ആണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. നിലവിൽ കത്തനാരിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്
Comments