ദന്തേവാഡ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ നദിയിൽ ബോട്ട് മറിഞ്ഞ് നിരവധി പേർ മുങ്ങിമരിച്ചു. ദന്തേവാഡയിലെ നദിയായ ഇന്ദ്രാവതിയിലാണ് ദുരന്തമുണ്ടായത്. ഈ ബോട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം താങ്ങാവുന്നതിലും കൂടുതൽ ആളുകൾ ഉണ്ടായിരുന്നു.ബോട്ട് വളരെ ചെറുതായിരുന്നു.
ബോട്ടിൽ യാത്ര ചെയ്തവരെല്ലാം ഒരേ ഗ്രാമത്തിൽപ്പെട്ടവരും ബർസൂർ ആഴ്ചച്ചന്തയിൽ പോയി മടങ്ങുന്നവരുമാണ്.നദിയുടെ നടുവിലെത്തിയപ്പോൾ ബോട്ട് മറിഞ്ഞു.ഇതേത്തുടർന്ന് ഏഴ് പേർ നദിയിൽ ഒലിച്ചുപോയി. മൂന്ന് പേർ രക്ഷപ്പെട്ടു.ഒരാൾ കരയിലേക്ക് നീന്തിയാണ് ജീവൻ രക്ഷിച്ചത്. മറ്റു രണ്ടുപേർ മരക്കൊമ്പിൽ പിടിച്ചു കയറുകയായിരുന്നു. ഏതാനും ദിവസങ്ങളായി പെയ്യുന്ന മഴയിൽ ഇന്ദ്രാവതി നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
അപകടവിവരം അറിഞ്ഞയുടൻ ജില്ലാ ആസ്ഥാനമായ ദന്തേവാഡയിൽ നിന്ന് പോലീസും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതോടൊപ്പം രക്ഷാസംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളത്തിൽ മുങ്ങിയവർക്കായി മുങ്ങൽ വിദഗ്ധർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
നിലവിൽ, ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി പോലീസിന്റെയും സുരക്ഷാ സേനയുടെയും ടീമുകളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം, നദിയിൽ മരിച്ചവർ ഏത് ഗ്രാമത്തിൽപ്പെട്ടവരാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
അടുത്തിടെ ബീഹാറിലെ ദർബാംഗ് ജില്ലയിൽ ബോട്ട് മറിഞ്ഞ് അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു.
Comments