പുതുപ്പള്ളി: സിപിഎം യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. വോട്ട് കുറഞ്ഞെങ്കിലും ഇടതുമുന്നണിയുടെ അടിത്തറയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. ഉപതിരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചത് സഹതാപ തരംഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പതിമൂന്നാമത് തിരഞ്ഞെടുപ്പ് വിജയമാണിതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞത് ഉദാഹരണമാണെന്നും സിപിഎം നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 36673 വോട്ടാണ് എൽഡിഎഫിന് ലഭിച്ചത്. 2016-ലെ തിരഞ്ഞെടുപ്പിൽ ജെയ്‌ക്ക് സി തോമസ് സ്ഥാനാർത്ഥിയായി വന്നപ്പോഴാണ് 44505 വോട്ടുകളായി ഉയർന്നത്. ഇത്തവണ സഹതാപ തരംഗമായിരുന്നിട്ടും 42000 ത്തിലേറെ വോട്ടുകളാണ് സിപിഎം നേടിയത്.മുന്നണിയുടെ അടിത്തറ ഭദ്രമാണെന്നാണ് ഇതിനർത്ഥമെന്നാണ്് ഗോവിന്ദന്റെ വാദം.
ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ശേഷം വളരെ പെട്ടന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ജനങ്ങൾക്ക് വലിയ സഹതാപമാണ് ഉണ്ടായത്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്ക് 39484 വോട്ടാണ് ലഭിച്ചത്. ഇതുവെച്ച് നോക്കുമ്പോൾ ഇത്തവണ 42425 വോട്ട് നേടാൻ സാധിച്ചത് മികച്ച പ്രവർത്തനം കൊണ്ടാണ്.
ബിജെപിയുടെ വോട്ട് ചോർന്നതാണ് കോൺഗ്രസിന് അനുകൂലമായ ഫലമുണ്ടാക്കിയത് എന്നും എം.വി ഗോവിന്ദൻ ന്യായീകരിച്ചു. 19000 വോട്ടുകളുളള ബിജെപി ഇത്തവണ നേടിയത് 6558. 10000-ലധികം വോട്ടുകളാണ് ചോർന്നത്. തിരഞ്ഞെടുപ്പിൽ തോൽവിയുടെ കാരണങ്ങൾ പരിശോധിക്കും. ഇടതുപക്ഷം മികച്ച സംഘടന പ്രവർത്തനം നടത്താൻ ശ്രമിക്കുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
Comments