കൊളംബോ: ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലെ ഇന്ത്യ- പാക് മത്സരം കാത്തിരിക്കുന്ന ആരാധകർക്കിനി സമാധാനിക്കാം. ഞായറാഴ്ച കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം മഴമൂലം ഉപേക്ഷിച്ചാൽ മത്സരം റിസർവ് ദിനത്തിൽ നടക്കുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ(എസിസി) അറിയിച്ചു. ഇന്ത്യ- പാക് പോരാട്ടത്തിന് മാത്രമായാണ് സൂപ്പർ ഫോർ ഘട്ടത്തിൽ എസിസി റിസർവ് ദിനം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. മഴമൂലം ഇന്ത്യ-പാക് മത്സരം മുടങ്ങുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് റിസർവ് ദിനം പ്രഖ്യാപിച്ചിരുന്നത്.
മഴ മൂലം ഞായറാഴ്ച മത്സരം ഉപേക്ഷിച്ചാൽ റിസർവ് ദിനമായ തിങ്കളാഴ്ച മത്സരം നടത്തും. ഞായറാഴ്ച മത്സരം തുടങ്ങിശേഷമാണ് മഴ മുടക്കുന്നതെങ്കിൽ ശേഷിക്കുന്ന മത്സരമാകും റിസർവ് ദിനത്തിൽ പൂർത്തിയാക്കുക. മത്സരം കാണാനുള്ള ടിക്കറ്റുകൾ തിങ്കളാഴ്ചവരെ സൂക്ഷിക്കണമെന്ന് ആരാധകരോട് എസിസി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ-പാക് മത്സരം നടക്കുന്ന ഞായറാഴ്ച കൊളംബോയിൽ 90 ശതമാനം മഴ പെയ്യുമെന്നാണ് പ്രവചനം.
Comments