ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുക്കെട്ട് എന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് ആവേശമാണ്. മലയാള സിനിമയെ ലോകമെമ്പാടും അടയാളപ്പെടുത്തിയ അപൂർവ്വം ചില സംവിധായകരിലൊരാളാണ് ജീത്തു ജോസഫ്. മോഹൻലാലിനെ നായകനാക്കി 2013-ൽ പുറത്തിറക്കിയ ദൃശ്യം എന്ന സിനിമ മലയാള സിനിമയുടെ തന്നെ തലവര മാറ്റി എന്നു പറഞ്ഞാൽ അത്ഭുതപ്പെടാനില്ല. മലയാള സിനിമകളിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രം ചൈനീസ് അടക്കമുള്ള വിവിധ ഭാഷകളിലേയ്‌ക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. എല്ലാ ഭാഷകളിലും ദൃശ്യം വിജയമായിരുന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗവും പുറത്തിറക്കി മലയാളി പ്രേക്ഷകരെ ഒന്നടങ്കം ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ സംവിധായകന് സാധിച്ചു. ഇപ്പോഴിതാ, ദൃശ്യം 3-യെ കുറിച്ചും ദൃശ്യത്തിന്റെ പകർപ്പവകാശത്തെ പറ്റിയും മനസ്സു തുറന്നിരിക്കുകയാണ് ജീത്തു ജോസഫ്.
‘എല്ലാ പകർപ്പവകാശവും അറിഞ്ഞു കൊണ്ട് തന്നെയാണ് പോയിരിക്കുന്നത്. ആദ്യം കൊറിയൻ ഭാഷാക്കാർ സമീപിച്ചിരുന്നു. പക്ഷെ, അന്നെനിക്ക് കൊറിയൻ ഇൻഡസ്ട്രിയെ പറ്റി വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല. വലിയ തുക ഞാൻ ചോദിച്ചു. അത് കേട്ട് പേടിച്ച് പോയതാണോ എന്ന് എനിക്ക് സംശയമുണ്ട്. ചൈനയ്‌ക്ക് വിറ്റ് പോയപ്പോൾ അവിടെ നിന്നാണ് കൊറിയൻ റീമേക്കിന് എൻക്വയറി വന്നത്. ചൈനയുടെ റേറ്റ് വെച്ചിട്ട് കൊറിയയോട് സംസാരിച്ചു. നെഗോഷ്യബിൾ ആണെന്ന് പറഞ്ഞിരുന്നു. പക്ഷെ പിന്നെ അവരെ കണ്ടിട്ടില്ല. ഇന്തോനേഷ്യ ഉൾപ്പെടെ ഭാഷകളിലേക്ക് ദൃഷ്യം വിറ്റു. പിന്നെ ഹിന്ദി ചെയ്ത പ്രൊഡക്ഷൻ കമ്പനി ബാക്കിയുള്ള റൈറ്റസ് വാങ്ങി’.
‘നമുക്ക് പൈസ കിട്ടിയാലും ഇല്ലെങ്കിലും അഭിമാനിക്കാമല്ലോ. കൊച്ചു കേരളത്തിൽ നിന്നും ഒരു സിനിമ പോകുന്നതിൽ അഭിമാനിക്കാം. എല്ലാവർഷവും ദൃശ്യത്തിന്റെ പേരിൽ അവിടുന്നും ഇവിടുന്നുമാെക്കെയായി കുറച്ച് റവന്യൂ വരുന്നുണ്ട്. അക്കാര്യം ആന്റണിയും ഞാനും സംസാരിച്ചിരുന്നു. പടം ചെയ്തിട്ട് ഇത്രയും നാളായി. പൈസയേക്കാൾ വേറെ ഭാഷകളിലേക്ക് പോകുന്നത് സന്തോഷമുള്ള കാര്യമാണ്. കോൺഫിഡന്റ് ആയിട്ടുള്ള ഒരു പ്ലോട്ടും തിരക്കഥയും റെഡിയായാൽ ദൃശ്യം 3 ചെയ്യും. അല്ലെങ്കിൽ ചെയ്യില്ല. ഞാൻ ട്രൈ ചെയ്തിട്ടുണ്ട്. ദൃശ്യം ഫസ്റ്റ് കഴിഞ്ഞപ്പോൾ സെക്കന്റ് എഴുതിയിട്ടുണ്ടായിരുന്നില്ല. പക്ഷെ, ഇരുന്ന് ചിന്തിച്ചപ്പോൾ കിട്ടി. അതുകൊണ്ട് ഞാൻ ചിന്തിച്ച് നോക്കുന്നുണ്ട്’- ജീത്തു ജോസഫ് പറഞ്ഞു.
Comments