ഹൃദയമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന സിനിമയാണ് ‘വർഷങ്ങൾക്കുശേഷം’. സംവിധായകന്റെ പുതിയ സിനിമയ്‌ക്കായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്നതിനിടെ ‘വർഷങ്ങൾക്കുശേഷ’ത്തിന്റെ ചിത്രീകരണം ഒക്ടോബർ 27ന് കൊച്ചിയിൽ ആരംഭിക്കുമെന്ന വാർത്ത പുറത്തുവരികയാണ്. ചെന്നൈയാണ് മറ്റൊരു ലൊക്കേഷൻ.
പ്രണവ് മോഹൻലാൽ നായകനും കല്യാണി പ്രിയദർശൻ നായികയുമാകുന്ന ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്. ഒപ്പം വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. വിനീത് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരാണ് മറ്റുതാരങ്ങൾ. നിവിൻ പോളിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രണവ് മോഹൻലാലിന്റെ ജന്മദിനത്തിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം വിനീത് ശ്രീനിവാസൻ നടത്തിയത്. ഹൃദയത്തിനുശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും മെറിലാൻഡ് സിനിമാസും വീണ്ടും ഒരുമിക്കുന്നു എന്നതും സിനിമയുടെ സവിശേഷതയാണ്.
എൺപതുകളിലെ ചെന്നൈ ജീവിതമാണ് ‘വർഷങ്ങൾക്കുശേഷം’ചിത്രത്തിന്റെ പ്രമേയം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്. ഇത്തവണ വിനീത് ചിത്രത്തിൽ സംഗീത സംവിധായകനായി എത്തുന്നത് പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകനും സംഗീത സംവിധായകനും ഗായകനുമായ അമൃത് രാംനാഥാണ്. വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ് അമൃത് രാംനാഥ്.
Comments