കൊളംബോ: ഏഷ്യാകപ്പിലെ സൂപ്പർ പോരാട്ടത്തിൽ മഴ വിലങ്ങുതടിയായിട്ടും പാകിസ്താനെ നിലംപരിശാക്കി രണ്ടാം വിജയം കുറിച്ച് ഇന്ത്യ. ബാറ്റ് ചെയ്തവരെല്ലാം 50 കടന്ന ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പടുത്തുയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പാകിസ്താൻ മുട്ടിടിച്ച് വീഴുകയായിരുന്നു. ഇന്ത്യൻ ബൗളർമാരെല്ലാം കണിശതയോടെ പന്തെറിഞ്ഞപ്പോൾ ഒരിക്കൽപോലും പാകിസ്താന് വെല്ലുവിളി ഉയർത്താനായില്ല. ആദ്യ ഇന്നിംഗ്സിൽ പേരുകേട്ട പാക് പേസ് നിരയെ തച്ചുടച്ചാണ് ഇന്ത്യൻ ബാറ്റർമാർ ടീമിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 357 റൺസ് പിന്തുടർന്ന പാകിസ്താൻ 228 റൺസിന് പരാജയപ്പെടുകയായിരുന്നു. വിരാട് കോഹ്ലിയാണ് കളിയിലെ താരം.
ആദ്യ ഓവറിൽ തന്നെ പാകിസ്താന്റെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഫഖ്ക്ർ സമാൻ (27), അഗാ സൽമാൻ (23) ഇഫ്തിഖ്ർ അഹമ്മദ് (23) എന്നിവരാണ് പാക് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ബാബർ അസാം (10)മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. ഇമാം ഉൾ ഹഖ് (9), മുഹമ്മദ് റിസ്വാൻ (2), ഷദാബ് ഖാൻ (6), ഫഹീം അഷ്‌റഫ് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. 7 റൺസുമായി ഷഹീൻ ഷാ അഫ്രീദി പുറത്താകാതെ നിന്നു. പരിക്കേറ്റ ഹാരിഫ് റൗഫും നസീം ഷായും ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. 5 വിക്കറ്റെടുത്ത കുൽദീപ് യാദവാണ് പാക് നിരയെ ഛിന്നഭിന്നമാക്കിയത്. ഹാർദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഷർദൂൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
സെഞ്ച്വറിയോടെ കളം നിറഞ്ഞ കോഹ്ലിയും രാഹുലും ചേർന്നാണ് പാകിസ്താനെതിരെ ഇന്ത്യ കൂറ്റൻ സ്‌കോർ കണ്ടെത്തിയത്. പതിവ് ഫോമിൽ കുതിച്ച കോഹ്ലിയും പരിക്ക് മാറി തിരിച്ചെത്തിയ രാഹുലും കളം നിറഞ്ഞാടി. 96 പന്തിൽ 122 റൺസുമായി കോഹ്ലിയും 106 പന്തിൽ 111 റൺസുമായി രാഹുലും പുറത്താകാതെ നിന്നു. 9 ഫോറും 3 സിക്സും അടങ്ങുന്നതായിരുന്നു വിരാടിന്റെ ഇന്നിംഗ്സ്. രാഹുൽ 12 ഫോറും രണ്ടു സിക്സും പറത്തി. മഴ ചതിച്ച ആദ്യ ദിവസം രോഹിതും ഗില്ലും ചേർന്ന് ഇന്ത്യൻ സ്‌കോർ 121ൽ എത്തിച്ചിരുന്നു. പിന്നീട് ക്രീസിലെത്തിയ വിരാടും രാഹുലും ചേർന്നാണ് ഇന്ത്യൻ വിജയഗാഥ രചിച്ചത്.
Comments