ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പാക് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പാകിസ്താൻ ഇന്റർനാഷണൽ എയര്‍ലൈന്‍സിന്റെ (പിഐഎ) ഭൂരിഭാഗം വിമാനങ്ങളും നിർത്തലാക്കി. വരുന്ന കുറച്ച് മാസത്തേക്ക് മാത്രം പ്രവർത്തിക്കാനുള്ള പരിമിതമായ ഫണ്ട് മാത്രമാണ് പിഐഎയുടെ പക്കലുള്ളത്. പ്രധാന ആസ്തികൾ ഉൾപ്പെടെ വിൽപ്പനയ്‌ക്ക് വെക്കേണ്ട അവസ്ഥയാണ് പിഐഎയ്‌ക്ക് എന്നും അധികൃതർ അറിയിച്ചു.
പിഐഎ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പാകിസ്താൻ വ്യോമയാന മന്ത്രാലയം ഇടക്കാല സര്‍ക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ലീസിനെടുത്ത 13 വിമാനങ്ങളില്‍ അഞ്ചെണ്ണത്തിന്റെ സര്‍വീസ് കൂടി പിഐഎ നിര്‍ത്തി. കൂടാതെ നാല് വിമാനങ്ങളുടെ സര്‍വീസ് കൂടി നിർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ബോയിംഗും എയര്‍ബസും സെപ്തംബര്‍ പകുതിയോടെ സ്പെയര്‍ പാര്‍ട്സുകളുടെ വിതരണം നിര്‍ത്തലാക്കാനുള്ള ഒരുക്കത്തിലാണെന്നും വ്യോമയാന മന്ത്രാലയം പാക് സര്‍ക്കാരിനെ അറിയിച്ചു.
വിമാനം വാടകയ്‌ക്കെടുക്കുന്നവര്‍, ഇന്ധന വിതരണക്കാര്‍, ഇന്‍ഷുറന്‍സ്, അന്താരാഷ്‌ട്ര- ആഭ്യന്തര എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ കൂടാതെ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (IATA) എന്നിവരോടും പിഐഎ വലിയ തുക കടം വാങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പിഐഎക്ക് 745 ബില്യണ്‍ രൂപയുടെ കടബാധ്യതകളാണുള്ളത്. ഇത് മൊത്തം ആസ്തിയുടെ മൂല്യത്തേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ്. ഈ സ്ഥിതി തുടരുകയാണെങ്കിൽ പിഐഎയുടെ കടവും ബാധ്യതകളും 1,977 ബില്യണായി ഉയരുമെന്നും 2030 ഓടെ വാര്‍ഷിക നഷ്ടം 259 ബില്യണായി മാറുമെന്നുമാണ് മുന്നറിയിപ്പ്.
കുടിശ്ശിക നൽകാത്തതിനാൽ പാകിസ്താന്റെ വിമാനങ്ങൾ സൗദി പിടിച്ചിട്ടിരിക്കുകയാണ്. കുടിശ്ശിക തുകയായ 8.2 ദശലക്ഷം റിയാല്‍ നല്‍കണമെന്നാണ് സൗദി അറേബ്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പിഐഎയെ അറിയിച്ചിരിക്കുന്നത്. കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് ഈ കഴിഞ്ഞ ജൂണില്‍ പാക് വിമാനം മലേഷ്യയിലും പിടിച്ചുവെച്ചിരുന്നു.
Comments