ഇടുക്കി: മ്ലാവിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്താൻ ശ്രമിച്ച നാലു പേർ പിടിയിൽ. മുണ്ടക്കയം സ്വദേശികളായ ജിജിൻസ് ജോസ്, ആന്റണി, ടോമിമാത്യു, കെ.ഷിബു എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. മുറിഞ്ഞപുഴ ഫോറസ്റ്റ് സ്‌റ്റേഷനു കീഴിലുള്ള മഞ്ചുമല എസ്‌റ്റേറ്റിനു സമീപം പുതുവൽ ഭാഗത്തു നിന്നാണ് വനം വകുപ്പ് പ്രതികളെ പിടികൂടിയത്.
ഞാറാഴ്ച രാത്രിയോടെ എസ്‌റ്റേറ്റിനു സമീപം വെടിയൊച്ച കേട്ടതിനെ തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ മ്ലാവിനെ മുറിച്ച് ഇറച്ചി കടത്താൻ ശ്രമിക്കുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. ഇവർ മൃഗങ്ങളെ വെടിവെച്ച് കൊന്ന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിൽ ഇറച്ചി വ്യാപാരം നടത്തി വരുന്നവരാണെന്ന് വനം വകുപ്പ് കണ്ടെത്തി. പ്രതികൾ ഉപയോഗിച്ച വാഹനവും തോക്കുകളും, തിരകളും ഇറച്ചിയും പിടികൂടിയതായും ഇറച്ചി വാങ്ങി ഉപയോഗിച്ചവരെ പ്രതിച്ചേർക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments