തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി. മുകുന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. പി.പി. മുകുന്ദന്റെ ദേഹ വിയോഗം അത്യന്തം വേദനയോടെയാണ് ശ്രവിച്ചതെന്ന് ആർ. സഞ്ജയൻ പറഞ്ഞു.
‘ബിജെപിയുടെ മുതിർന്ന നേതാവും സംഘ പ്രചാരകനുമായിരുന്ന പി.പി. മുകുന്ദന്റെ ദേഹ വിയോഗം അത്യന്തം വേദനയോടെയാണ് ശ്രവിച്ചത്. രാഷ്‌ട്രീയ സ്വയം സേവക സംഘമുൾപ്പെടെയുള്ള മറ്റു ദേശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിർണായകമായ സംഭാവന ചെയ്തിട്ടുള്ള അവിസ്മരണീയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സംഘകാഴ്ചപ്പാടുകളും, സഹജമായ വ്യക്തിത്വ സവിശേഷതകളും അദ്ദേഹത്തെ സർവ്വസ്വീകാര്യനാക്കി മാറ്റി. അടിയന്തിരാവസ്ഥയ്‌ക്ക് ശേഷമാണ് സംഘപ്രവർത്തനം കേരളത്തിൽ കുതിച്ചുയർന്നത്.
പഴയ തിരുവിതാംകൂർ പ്രദേശത്ത്, പ്രത്യേകിച്ച് ദക്ഷിണ കേരളത്തിൽ സംഘപ്രവർത്തനത്തിന്റെ അടിത്തറ വിപുലപ്പെടുത്തുക മാത്രമല്ല അതിനെ കൂടുതൽ ജനസ്വാധീനമുള്ളതാക്കി മാറ്റിയത് മുകുന്ദന്റെ സവിശേഷമായ നേതൃത്വ പാടവമാണ്. സാമൂഹ്യ ജീവിതത്തിന്റെ വിവിധ രംഗങ്ങളിൽ സ്വാധീനമുള്ള വ്യക്തികളെ സമ്പർക്കം ചെയ്ത് സംഘ പ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നത്തിൽ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന പാടവം അത്ഭുതാവഹമാണ്.
ഏറ്റവും ഉന്നതരായ ആളുകൾക്കും ഏറ്റവും സർവ്വസാധാരണ സ്വയം സേവകർക്കും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്ന അദ്ദേഹം. നല്ലൊരു ശ്രോതാവുമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ വ്യക്തികളോട് ആഴത്തിൽ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു. തിരുവനന്തപുരത്ത് ഹിന്ദു സംഗമം പ്രമാണിച്ച് നടന്ന വിശാല സാംഘിക്ക്, കരമന സംഘശിക്ഷാ വർഗുമായി ബന്ധപ്പെട്ട റൂട്ട് മാർച്ച് നിരോധിച്ച് കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെ വെല്ലുവിളിച്ച സംഭവം, ശങ്കുമുഖത്തെ ആറാട്ടുകടവിൽ പോപ്പിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർത്തപ്പെട്ട പ്രസംഗവേദിയെ ചുറ്റിപറ്റി ഉണ്ടായ തർക്കം രമ്യമായി പരിഹരിക്കാൻ സർക്കാർ നിർബന്ധിതമായ സാഹചര്യം എന്നിവ പി.പി മുകുന്ദന്റെ സംഘടനാ കുശലതയുടെയും നയതന്ത്ര പാടവത്തിന്റെയും ചില ഉദാഹരണങ്ങൾ മാത്രം.
സംഘത്തിന്റെ മാത്രമല്ല മറ്റ് പരിവാർ പ്രസ്ഥാനങ്ങളുടെ വളർച്ചയിലും അദ്ദേഹം ദത്തശ്രദ്ധനായിരുന്നു. സംഘത്തിൽ സംസ്ഥാനതല ചുമതല വഹിച്ചിരുന്ന വേളയിലാണ് അദ്ദേഹം ബിജെപിയുടെ പ്രവർത്തനത്തിലേക്ക് നിയുക്തനാകുന്നത്. അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവുകൾ കഴിഞ്ഞ രണ്ടര മൂന്ന് പതിറ്റാണ്ട് കാലം സംഘ പ്രസ്ഥാനത്തിനോ സമൂഹത്തിനോ വേണ്ടവണ്ണം ഉപയോഗപ്പെടുത്താൻ സാധിച്ചില്ല. അത് തീർച്ചയായും ഒരു നഷ്ടമാണ്. ആ ജീവിത സ്മരണയ്‌ക്ക് മുന്നിൽ ഭാരതീയ വിചാര കേന്ദ്രം ആദരാഞ്ജലികൾ അർപ്പിക്കുന്നു.’- ആർ. സഞ്ജയൻ അനുസ്മരിച്ചു.
Comments