ശ്രീനഗർ: അനന്ത്‌നാഗിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജമ്മു-കശ്മീർ ഡിഎസ്പി ഹുമയൂൺ മുസമ്മിൽ ഭട്ടിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ സമർപ്പിച്ച് രാജ്യം. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. ജമ്മു -കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ഡിഎസ്പിക്ക് ആദരാഞ്ജലികൾ സമർപ്പിക്കുകയും ചെയ്തു. അനന്ത്‌നാഗ് ജില്ലയിലുള്ള കൊക്കർനാഗ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് 3 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചത്.
അനന്ത്‌നാഗിലെ ഭീകരവിരുദ്ധ ഓപ്പറേഷനിലിരിക്കെ ജീവൻ നഷ്ടപ്പെട്ട ധീരജവാൻമാർക്കും ജമ്മു-കശ്മീർ ഡിഎസ്പി ഹുമയൂൺ ഭട്ടിനും അന്ത്യാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ധൈര്യത്തിനും ത്യാഗത്തിനും അഭിവാദ്യങ്ങൾ. രാജ്യം മുഴുവനും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും ലെഫ്റ്റ്‌നന്റ് ഗവണർ ഓഫീസ് എക്സിൽ കുറിച്ചു.
19 രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റിലെ കമാൻഡിംഗ് ഓഫീസർ കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ് ധോഞ്ചക്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം.
Comments