റായ്പൂർ: ഛത്തീസ്ഗഡിൽ 6,300 കോടി രൂപയുടെ സുപ്രധാന റെയിൽ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഛത്തീസ്ഗഡ് ഈസ്റ്റ് റെയിൽവേ പ്രോജക്ട് ഫേസ്-1, ചമ്പ-ജംഗ റെയിൽ പാത, പെന്ദ്ര- അനുപ്പൂർ പാത എന്നിവ ഉൾപ്പെടുന്ന നിരവധി റെയിൽവേ പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നത്. ഇതിലൂടെ യാത്രക്കാരുടെ സഞ്ചാരവും, ചരക്ക് ഗതാഗതവും സുഗമമാക്കുകയും സാമൂഹിക-സാമ്പത്തിക വികസനത്തിന് റെയിൽവേ പദ്ധതികൾ ഉത്തേജനം നൽകുകയും ചെയ്യും.
ഈസ്റ്റ് റെയിൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 124.8 കിലോമീറ്റർ ദൂരം ഖർസിയ മുതൽ ധരംജയ്ഗഡ് വരെയാണ് വികസിപ്പിച്ചെടുത്തിരുന്നത്. ഗാരെ-പെൽമയിലേക്കുള്ള ഒരു സ്പർ ലൈനും ചാൽ, ബറൂദ്, ദുർഗാപൂർ, മറ്റ് കൽക്കരി ഖനികൾ എന്നിവയെ ബന്ധിപ്പിക്കുന്ന മൂന്ന് ഫീഡർ ലൈനുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. 3,055 കോടി രൂപ ചിലവിൽ നിർമ്മിച്ച ഈ റെയിൽ പാതയിൽ വൈദ്യുതീകരിച്ച ബ്രോഡ് ഗേജ് ലെവൽ ക്രോസിംഗുകളും യാത്രക്കാർക്കുള്ള സൗകര്യങ്ങളോടുകൂടിയ ഫ്രീ പാർട്ട് ഡബിൾ ലൈനും സജ്ജീകരിച്ചിട്ടുണ്ട്.
796 കോടി രൂപ ചിലവിലാണ് ചമ്പ മുതൽ ജംഗ വരെയുളെള മൂന്നാമത്തെ റെയിൽപാത നിർമ്മിച്ചത്. 98 കിലോമീറ്റർ ദൈർഘ്യമുള്ള പാത ഈ മേഖലയിലെ റെയിൽവേ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. 516 കോടി രൂപ ചിലവിലാണ് പെന്ദ്ര-അനുപ്പൂർ റെയിൽപാത നിർമ്മിച്ചിരിക്കുന്നത്. 50 കിലോമീറ്റർ നീളമുള്ള റെയിൽപാത വിനോദസഞ്ചാരമേഖലയിലും തൊഴിലവസരങ്ങളിലും വർദ്ധനയുണ്ടാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
Comments