കെഎസ്ആർടിസി കണ്ണൂർ ബജറ്റ് ടൂറിസം സെൽ ടൂർ വാരാചരണം നടത്തുന്നു. ലോക വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായിട്ടാണ് ബജറ്റ് ടൂറിസം സെൽ ടൂർ വാരാചരണം നടത്തുന്നത്. ഈ മാസം 21 മുതൽ ഒക്ടോബർ ഒന്ന് വരെ വിവിധ ടൂർ പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കുന്നത്. ആകെ ഏഴ് പാക്കേജുകളാണ് സംഘടിപ്പിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 8089463675, 9496131288 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
- ഗവി-കുമളി-കമ്പം: സെപ്റ്റംബർ 21-ന് വൈകീട്ട് അഞ്ചിന് പുറപ്പെടും. 22-ന് കുമളി, കമ്പം, രാമക്കൽമേട് എന്നിവ സന്ദർശിക്കും. 23-ന് ഗവി സന്ദർശനം. 24-ന് രാവിലെ ആറിന് തിരിച്ചെത്തും.
- വാഗമൺ-മൂന്നാർ: സെപ്റ്റംബർ-22, സെപ്റ്റംബർ-30 തീയതികളിൽ വൈകീട്ട് ഏഴിന് കണ്ണൂരിൽ നിന്ന് പുറപ്പെടും. രാത്രിയിൽ ക്യാമ്പ് ഫയർ ഉണ്ടായിരിക്കും. രണ്ടാമത്തെ ദിവസം മൂന്നാറിൽ ആറ് ഡെസ്റ്റിനേഷനുകൾ സന്ദർശിച്ച് അടുത്ത ദിവസം രാവിലെ ആറിന് തിരിച്ചെത്തും.
- മൂന്നാർ: സെപ്റ്റംബർ 30-ന് വൈകീട്ട് ഏഴിന് കണ്ണൂരിൽനിന്ന് പുറപ്പെടും ഒക്ടോബർ മൂന്നിന് രാവിലെ ആറിന് തിരിച്ചെത്തും.
- പൈതൽമല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം-പാലക്കയംതട്ട്: സെപ്റ്റംബർ 24-ന് രാവിലെ 6.30-മണിയ്‌ക്ക് പുറപ്പെട്ട് രാത്രി ഒൻപതിന് തിരിച്ചെത്തും. ഭക്ഷണവും പ്രവേശന ഫീസും ഉൾപ്പെടെയാണ് പാക്കേജ്.
- വയനാട്: സെപ്റ്റംബർ 24-ന് രാവിലെ ആറിന് പുറപ്പെട്ട് രാത്രി 10.30-ന് തിരിച്ചെത്തും.
- വയനാട് (രണ്ട്): സെപ്റ്റംബർ 30-ന് രാവിലെ 5.45-ന് പുറപ്പെട്ട് രാത്രി രണ്ടോടെ കണ്ണൂരിൽ തിരിച്ചെത്തും. മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രയാണ് ഈ പാക്കേജിന്റെ പ്രത്യേകത.
- റാണിപുരം-ബേക്കൽ: ഒക്ടോബർ ഒന്നിന് രാവിലെ ആറിന് പുറപ്പെട്ട് രാത്രി ഒൻപതിന് തിരിച്ചെത്തും.
സെപ്റ്റംബർ 27-നാണ് ലോക വിനോദ സഞ്ചാര ദിനമായി നാം ആഘോഷിക്കുന്നത്. യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരമാണ് സെപ്റ്റംബർ 27 ന് ലോക വിനോദസഞ്ചാര ദിനമായി ആചരിയ്‌ക്കുന്നത്. 1980 മുതലാണ് എല്ലാ വർഷവും സെപ്റ്റംബർ 27-ന് ലോക ടൂറിസം ദിനമായി ആചരിച്ചുവരുന്നത്.
Comments