‘മുല്ല’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് മീരാ നന്ദൻ. ടെലിവിഷൻ ഷോകളിലൂടെ അഭിനനയ രംഗത്തേക്ക് കടന്നുവന്ന താരം ഇന്ന് ദുബായിലെ അറിയപ്പെടുന്ന ഒരു റേഡിയോ-ജോക്കിയാണ്. കഴിഞ്ഞ ദിവസമായിരുന്നു മീരയുടെ വിവാഹ നിശ്ചയം നടന്നത്. ആരാധകർക്ക് ഒരു സൂചന പോലും നേരത്തെ നൽകിയിരുന്നില്ല എന്നതിനാൽ താരത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ പൊടുന്നനെ വൈറലായിരുന്നു. ലണ്ടനിൽ ജനിച്ചുവളർന്ന ശ്രീജുവാണ് പ്രതിശ്രുത വരൻ.
നീണ്ട ഇടവേളയ്ക്ക് ശേഷം മീരാ നന്ദൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സിനിമാ ജീവിതവും അവതരണവുമെല്ലാം വിട്ട് ദുബായിലേക്ക് ചേക്കേറിയ മീര, വിദേശരാജ്യത്ത് താൻ നേരിട്ട നല്ലതും മോശവുമായ അനുഭവങ്ങളാണ് അഭിമുഖത്തിലൂടെ പങ്കുവച്ചത്. ജോലി കിട്ടാനുണ്ടായ പ്രയാസവും ശേഷം ശമ്പളമില്ലാതെ പണിയെടുക്കേണ്ടി വന്നതും പട്ടിണി കിടന്ന സാഹചര്യവുമെല്ലാം നടി തുറന്നുപറഞ്ഞു.
ഏറെ പ്രതീക്ഷകളുമായാണ് ദുബായിലേക്ക് പോയത്. കുറച്ച് പ്രയാസപ്പെട്ടെങ്കിലും റേഡിയോ ജോക്കിയായി ജോലി കിട്ടി. ആദ്യത്തെ രണ്ട്-മൂന്ന് മാസം കുഴപ്പമില്ലാതെ പോയി. എന്നാൽ പിന്നീട് ശമ്പളം വരാൻ വൈകി തുടങ്ങി. പിന്നീട് ശമ്പളമേ കിട്ടാതായി. മാസങ്ങൾ പിന്നിട്ടു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരെല്ലാം രാജിവച്ചു പോയി. പലരും കേസ് കൊടുത്തു. അപ്പോഴും താൻ ജോലി തുടർന്നു. കുറച്ചുപൈസ കിട്ടിയാൽ അത് ഭക്ഷണം കഴിക്കാൻ പോലും ചിലവാക്കാതെ ശേഖരിച്ചു. ആഹാരം പോലും കഴിക്കുന്നില്ലെന്നറിഞ്ഞ് സുഹൃത്ത് വന്ന് എന്നും കൂട്ടിക്കൊണ്ടുപോയി കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമായിരുന്നു. ഏറെ പ്രയാസപ്പെട്ട നാളുകളായിരുന്നു അത്. മറ്റ് ചില ഷോകൾ ചെയ്ത് എന്തെങ്കിലും പൈസയുണ്ടാക്കാൻ ഇതിനിടെ ശ്രമിച്ചു. താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ വാടക കൊടുക്കേണ്ടത് കമ്പനിയായിരുന്നു. അതില്ലാതായതോടെ ഒരു രാത്രി ഫ്ളാറ്റുടമ വന്ന് ഇറക്കിവിട്ടു.
ഏറെ വിഷമിച്ച ദിവസമായിരുന്നു അത്. പട്ടിണിയോടൊപ്പം താമസിക്കാൻ വീടുപോലുമില്ലാതായി. അന്ന് അവിടെ നിന്ന് അച്ഛന്റെ ചില സുഹൃത്തുക്കളുടെ വീട്ടിലും മറ്റും പോയി താമസിച്ചു. സംയമനത്തോടെ ആ ഘട്ടത്തെ മറികടക്കാൻ സാധിച്ചതിനാൽ പിന്നീട് നല്ലൊരു ഭാവിയുണ്ടായി. മികച്ച ജോലിയും വരുമാനവും ഉണ്ടായി. സാമ്പത്തികമായി സ്ഥിരത കൈവരിച്ചു. ദുബായിലെത്തുന്നതിന് മുമ്പ് പണം എങ്ങനെ കൈകാര്യം ചെയ്യണമെന്നോ ഒറ്റയ്ക്ക് എങ്ങനെ ജീവിക്കണമെന്നോ ഒന്നും അറിയില്ലായിരുന്നു. എന്നാൽ യുഎഇയിലെത്തിയ നാളുകൾ എല്ലാം പഠിപ്പിച്ചു.
വരുമാനത്തിൽ നിന്ന് ഒരു ഭാഗം സേവ് ചെയ്യേണ്ടതിന്റെ പ്രസക്തി എന്തെന്ന് അവിടെ നിന്നാണ് പഠിച്ചത്. കൈയിൽ ഒരു തുട്ടുനാണയം പോലുമില്ലാത്ത അവസ്ഥയിൽ പല തിരിച്ചറിവുകളുമുണ്ടായി. വളരെ പെട്ടെന്ന് ഒരാളെ വിശ്വസിക്കുമായിരുന്ന ശീലവും ഇല്ലാതായി. ഇന്ന് അതാലോചിക്കുമ്പോൾ വിഷമമില്ല. എല്ലാം നല്ലതിനായിരുന്നു. കാരണം അത് ഞാൻ അനുഭവിക്കേണ്ടത് തന്നെയായിരുന്നു. അതിലൂടെ ഒരുപാട് പഠിക്കാൻ സാധിച്ചു. – മീരാ നന്ദൻ പറയുന്നു.
Comments