ഇസ്ലാമബാദ്: വിദേശത്ത് താമസിക്കുന്ന നയതന്ത്ര പ്രതിനിധികൾക്ക് ശമ്പളം കൊടുക്കാൻ പണമില്ല, പ്രതിസന്ധിയിലായി പാക് സർക്കാർ. തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥ മൂലം നയതന്ത്ര ഉദ്യോഗസ്ഥർക്കും വിദേശ ദൗത്യങ്ങൾക്കും പണം നൽകാൻ കഴിയാതെ കഷ്ടപ്പെട്ടുന്ന സർക്കാരിനെ കുറിച്ച് വിശദമായ റിപ്പോർട്ടാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. കടുത്ത ഡോളർ ലഭ്യതക്കുറവ് കാരണം കഴിഞ്ഞ മൂന്ന് മാസമായി നയതന്ത്ര ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകിയിട്ടില്ല. അതിനാൽ തന്നെ എല്ലാം വിദേശ ദൗത്യങ്ങളും പ്രതിസന്ധിയിലാണ്.
പ്രമുഖ മാധ്യമ ഏജൻസി റിപ്പോർട്ട് പ്രകാരം അമേരിക്കയിലെയും ഹോങ്കോങ്ങിലെയും നയതന്ത്ര ഉദ്യോഗസ്ഥർക്കും സിംഗപ്പൂരിലെ പ്രസ് കൗൺസിലർമാർക്കും 2023 ജൂൺ മുതൽ ശമ്പളം ലഭിച്ചിട്ടില്ല. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം തീർന്നുവെന്ന് ചൂണ്ടിക്കാട്ടിയാണിത്. വാഷിംഗ്ടൺ ഡിസി, ഹോങ്കോംഗ് തുടങ്ങിയ ജീവിതച്ചെലവ് കൂടുതലുള്ള നഗരങ്ങളിലുള്ള പാക് ഉദ്യോഗസ്ഥർ പ്രതിസന്ധിയിൽ വളരെ അസ്വസ്ഥമാണ്.
നയതന്ത്ര ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നതിൽ പാക് സർക്കാർ പരാജയപ്പെടുന്നത് ഇതാദ്യമല്ല. കുതിച്ചുയരുന്ന പണപ്പെരുപ്പ നിരക്ക് കാരണം വർഷങ്ങളായി പാക് സമ്പദ്‌വ്യവസ്ഥ താഴോട്ട് പോകുകയാണ്. വിദേശനാണ്യ ശേഖരം കുറയുന്നതും ഊർജ വില കുതിച്ചുയരുന്നതും പ്രതിസന്ധി കൂടുതൽ വഷളാക്കിയിട്ടുണ്ട്. പാക് സർക്കാർ ദീർഘകാലമായി കാത്തിരുന്ന ഐഎംഎഫിന്റെ മൂന്ന് ബില്യൺ ഡോളറിന്റെ വായ്പയ്‌ക്ക് അംഗീകാരം ലഭിച്ചെങ്കിലും അതിന്റെ വ്യവസ്ഥകൾ പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല.
പാക് സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്‌ക്ക് നിരവധി കാരണങ്ങളുണ്ട്. അതിന്റെ ആദ്യ കാരണം വർദ്ധിച്ചുവരുന്ന പണപ്പെരുപ്പമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ രണ്ടാമത്തെ കാരണം, വിദേശനാണ്യ കരുതൽ ശേഖരം ഇപ്പോൾ ഏറ്റവും താഴ്ന്ന നിലയിലാണ്. സാമ്പത്തിക തകർച്ചയുടെ മൂന്നാമത്തെ കാരണം ദുർബലമായ ഭരണവും രാഷ്‌ട്രീയ സ്ഥിരതയുമാണ്.
Comments