ഏഷ്യാകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യൻ ടീമിനൊപ്പം വാഷിംഗ്ടൺ സുന്ദർ ചേർന്നേക്കും. അക്‌സർ പട്ടേലിന് പകരമായാണ് താരം ടീമിലെത്തുക. ബംഗ്ലാദേശിനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിനിടയിൽ ഓൾ റൗണ്ടർ അക്‌സർ പട്ടേലിന് പരിക്കേറ്റിരുന്നു. ലോകകപ്പ് ടീമിൽ ഉൾപ്പെട്ട അക്‌സറിനെ ഏഷ്യാകപ്പ് ഫൈനലിന്റെ ഇലവനിൽ ഉൾപ്പെടുത്താൻ ടീം മാനേജ്‌മെന്റ് തയ്യാറാകില്ല. ഈ അവസരത്തിലാണ് സുന്ദറിനെ തേടി അവസരമെത്തുക. ഏഷ്യൻ ഗെയിംസിന്റെ ഭാഗമായി ബെംഗളൂരുവിൽ നടക്കുന്ന പരിശീലന ക്യാമ്പിലാണ് താരം ഇപ്പോൾ. ന്യൂസിലാൻഡിനെതിരെ ഈ വർഷം ജനുവരിയിൽ നടന്ന ഏകദിന മത്സരത്തിലാണ് അക്‌സർ ഒടുവിൽ ടീമിന്റെ ഭാഗമായത്.
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരായ അവസാന പോരാട്ടത്തിൽ ഇന്ത്യ ആറ് റൺസിനാണ് തോൽവി ഏറ്റുവാങ്ങിയത്. ബംഗ്ലാദേശ് ഉയർത്തിയ 266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി ശുഭ്മാൻ ഗിൽ തകർപ്പൻ സെഞ്ചുറി നേടിയെങ്കിലും പിന്തുണ നൽകാൻ മാത്രമേ അക്‌സർ പട്ടേലിന് സാധിച്ചുള്ളൂ. 133 പന്തിൽ 121 റൺസെടുത്ത ഗില്ലും 34 പന്തിൽ 42 റൺസെടുത്ത അക്‌സർ പട്ടേലുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.
Comments