തിരുവനന്തപുരം: അസാമാന്യമായ നേതൃശേഷിയുള്ള വ്യക്തിയായിരുന്നു പി.പി മുകുന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തികഞ്ഞ അർപ്പണബോധത്തോടെയുള്ള പ്രവർത്തനത്തിലൂടെ സംഘടനയെ വളർത്താൻ അദ്ദേഹം പ്രയത്‌നിച്ചു. എങ്ങനെ ഒരു സംഘടനയുടെ ഭാഗമായി പ്രവർത്തിക്കണം എന്നതിന്റെ ഉത്തമ മാതൃകയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പി.പി. മുകുന്ദൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ പ്രശ്‌നങ്ങൾ ഉയർന്നു വരുമ്പോഴും ഇരു ചേരിയിലാണെങ്കിലും അദ്ദേഹവുമായുള്ള ബന്ധത്തിന് കോട്ടം തട്ടിയിരുന്നില്ല. അതത് സമയങ്ങളിലെ സർക്കാരുകൾ വിളിക്കുന്ന ചർച്ചകളിൽ മുകുന്ദന്റെ സാന്നിധ്യം ഉണ്ടായിരുന്നു. സൗമ്യമായി പെരുമാറുകയും സംഘടനാ കാര്യങ്ങളിൽ കർക്കശ നിലപാട് സ്വീകരിക്കുകയും ചെയ്തു. തികഞ്ഞ അർപ്പണബോധത്തോടെ സംഘടനാ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്ത സംഘാടകനായിരുന്നു മുകുന്ദനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറി പി.പി. മുകുന്ദൻ കഴിഞ്ഞ ബുധനാഴ്ചയാണ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വളരെviajayan, കാലം ജന്മഭൂമി പത്രത്തിന്റെ എംഡിയായി പ്രവർത്തിച്ചിരുന്നു. സജീവ രാഷ്‌ട്രീയത്തിൽ നിന്നും വിട്ടുനിന്ന അദ്ദേഹം 2022 ൽ വീണ്ടും സജീവമായി. കണ്ണൂർ കൊട്ടിയൂരാണ് സ്വദേശം.
Comments