ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുളള ടീമിൽ ഇടം നേടാനാകത്തതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മലയാളി താരം സഞ്ജു വി സാംസൺ. ഏഷ്യൻ ഗെയിംസ്, ലോകകപ്പ് ടീമുകളിൽ നിന്നും താരത്തിനെ ടീം മാനേജ്മെന്റ് തഴഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഏകദിന പരമ്പരയ്ക്കുളള ടീമിൽ നിന്നും താരത്തെ ഒഴിവാക്കിയത്. ഇതിൽ ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ചിരിക്കുന്ന സ്മൈലി പങ്കുവച്ചാണ് താരം ഫേസ്ബുക്കിൽ നീരസം പ്രകടിപ്പിച്ചത്. ഇതോടെ സഞ്ജുവിന് പിന്തുണയുമായി ആരാധകരും കമന്റ് ബോക്സിലെത്തി. മുൻനിര താരങ്ങൾക്ക് വിശ്രമം നൽകി യുവതാരങ്ങളെ അണിനിരത്തിയ ടീമിൽ ഏകദിനത്തിൽ മികവ് കാട്ടിയ സഞ്ജുവിനെ ഉൾപ്പെടുത്താതത് എന്താണെന്നാണ് ആരാധകരുടെ ചോ ദ്യം.
ഈ മാസം 22 ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുളളത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ കെ.എൽ രാഹുലാണ് ടീമനെ നയിക്കുക. രോഹിത് ശർമ്മ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നീ താരങ്ങൾക്ക് ആദ്യ രണ്ട് മത്സരങ്ങളിൽ വിശ്രമം അനുവദിച്ചിട്ടുണ്ടെങ്കിലും മൂന്നാം മത്സരത്തിൽ താരങ്ങൾ മടങ്ങിയെത്തും. രണ്ട് മത്സരങ്ങളിൽ സീനിയർ താരങ്ങൾ വിട്ടുനിൽക്കുന്നതിനാൽ പ്രസിദ് കൃഷ്ണ, റുതുരാജ് ഗെയ്ക്വാദ്, തിലക് വർമ്മ, എന്നീ യുവതാരങ്ങൾ ടീമിൽ ഇടം നേടി.
Comments