ശ്രീനഗർ: ഒരാഴ്ച നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ലഷ്‌കർ ഭീകരനെ വധിച്ചതായി ജമ്മു കശ്മീർ പോലീസ്. ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ഉസൈർ ഖാനെയാണ് വധിച്ചതെന്ന് സുരക്ഷാ സേന പറഞ്ഞിരുന്നെങ്കിലും വ്യക്തത വരുത്താനായി ഡിഎൻഎ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സേന വധിച്ചത് കൊടും ഭീകരൻ ഉസിർ ഖാനെയാണെന്ന് വ്യക്തമായത്. ജമ്മു കശ്മീർ എഡിജിപി വിജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ഒരാഴ്ചയായി നീണ്ട നിൽക്കുന്ന ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും തിരച്ചിലുകൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒളിസങ്കേതങ്ങൾ ഇനിയുമുണ്ടെന്നും അവയെല്ലാം തകർക്കും വരെ സുരക്ഷാ സേന ദൗത്യം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നോളം ഭീകരരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് ഭീകരെ വധിക്കാൻ സേനയ്‌ക്കായി. കൊല്ലപ്പെട്ട ഒരാളെ ഇനിയും തിരിച്ചറിയാനുണ്ടെന്നും സേന അറിയിച്ചു.
ദൗത്യം സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ കഴിഞ്ഞ കുറച്ച് ദിനങ്ങളായി രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു പോലീസ്. നിർണായക വിവരങ്ങൾ ചോരാതിരിക്കാനായിരുന്നു ഇതെന്ന് പോലീസ് അറിയിച്ചു. പഴുതടച്ചുള്ള അന്വേഷണത്തിനാണ് അവസാനമായത്. 19 രാഷ്‌ട്രീയ റൈഫിൾസിലെ കമാൻഡിംഗ് ഓഫീസർമാരായ കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ് ധോഞ്ചക്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരെ ഭീകരർ വധിച്ചതോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്.
Comments