ജപ്പാൻ വാർദ്ധക്യത്തിലെന്ന് റിപ്പോർട്ട്. രാജ്യത്ത് നിലവിൽ 40 ശതമാനത്തിനത്തോളം പൗരന്മാരും 65 വയസിന് മുകളിൽ പ്രായമായവരാണെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. നിലവിൽ 10 ശതമാനം പേരും 80 വയസിന് മുകളിൽ പ്രായമുള്ളവരാണ്. 30 ശതമാനം ആളുകൾ 65 വയസിന് മുകളിൽ പ്രായമായവരുമാണ്. ദേശീയ വയോജന ദിനത്തിലാണ് ജപ്പാൻ ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ പുറത്തുവിട്ടത്.
വൃദ്ധരുടെ എണ്ണത്തിലുള്ള ഈ വർദ്ധനവ് രാജ്യത്തെ തൊഴിൽ മേഖലയിൽ വലിയ വിടവാണ് ഉണ്ടാക്കിയരിക്കുന്നത്. 1.3 ശതമാനം മാത്രമാണ് നിലവിൽ ജപ്പാനിലെ ജനന നിരക്ക്. 2.1 ശതമാനം വേണമെന്നിരിക്കെയാണ് ജനന നിരക്കിലെ ഈ ഇടിവ്. കുടിയേറ്റക്കാരെ ഉൾപ്പെടുത്തിയാൽ പോലും ആവശ്യമായ തൊഴിൽ ശക്തി ജപ്പാന് ലഭിക്കുന്നില്ല എന്നതാണ് ഏറ്റവും ദുർഘടമായ പ്രതിസന്ധി. ആവശ്യമായ സാമൂഹികസുരക്ഷ പദ്ധതികൾ നടപ്പിലാക്കാൻപോലും ജപ്പാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് ജാപ്പനീസ് പ്രധാനമന്ത്രി വ്യക്തമാക്കുന്നു.
വർദ്ധിച്ചുവരുന്ന തൊഴിലാളികളുടെ കുറവ് അതിജീവിക്കാനായി വീടുകളിൽ ഒതുങ്ങി ജീവിച്ചിരുന്ന അമ്മമാരെയും തൊഴിലിടങ്ങളിലേക്ക് എത്തിക്കാനുള്ള നയം സർക്കാർ സ്വീകരിച്ചിരുന്നു. ഇതിലൂടെ 9.12 ദശലക്ഷം തൊഴിലാളികളെ തൊഴിൽ മേഖലകളിലേക്ക് എത്തിക്കാനായി. ഇത് വിജയം കൈവരിച്ചുവെങ്കിലും പ്രതിസന്ധി പൂർണമായും അതിജീവിക്കാൻ സർക്കാരിന് കഴിയുന്നില്ല. ചൈന, ദക്ഷിണകൊറിയ, സിംഗപ്പൂർ എന്നീ രാഷ്ട്രങ്ങളും സമാനമായ പ്രതിസന്ധി നേരിടുന്നു.അതിനെ ഫലപ്രദമായി നേരിടാൻ ഇവിടങ്ങളിലെ സർക്കാരുകൾ ശക്തമായ പരിശ്രമത്തിലാണ്.
Comments