കണ്ണൂർ: നാടിനെ നടുക്കിയ പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ വിചാരണ ഇന്നാരംഭിക്കും. തലശ്ശേരി കോടതിയിലെ അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എവി മൃദുലയ്‌ക്ക് മുമ്പാകെയാണ് വിചാരണ നടക്കുക. ഒക്ടോബർ 11 വരെ വിചാരണ തുടരും.
കേസിന്റെ തെളിവുകൾ നേരിട്ട് പരിശോധിക്കുന്നതിനായി ജില്ല ഗവൺമെന്റ് പ്ലീഡർ അഡ്വ. കെ. അജിത്ത് കുമാർ വിഷ്ണുപ്രിയയുടെ വീട്, പ്രതി കൊലയ്‌ക്ക് ഉപയോഗിച്ച ആയുധങ്ങൾ, മറ്റ് വസ്തുക്കൾ ഉപേക്ഷിച്ച സ്ഥലം എന്നിവ സന്ദർശിച്ചിരുന്നു. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ അമ്മ, സഹോദരങ്ങൾ, ബന്ധുക്കൾ, വിഷ്ണുപ്രിയയുടെ ആൺസുഹൃത്ത് ഉൾപ്പെടെ 73 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. കൊല നടന്ന് 90 ദിവസങ്ങൾക്കകമാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
2022 ഒക്ടോബർ 22-ന് ഉച്ചക്ക് 12 മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ വിഷ്ണുപ്രിയ കൊലചെയ്യപ്പെട്ടത്. വിഷ്ണുപ്രിയയുടെ ആൺസുഹൃത്ത് ശ്യാംജിത്താണ് കേസിലെ പ്രതി. പ്രണയം നിരസിച്ചതിലുള്ള വിരോധം കാരണം പ്രതി വിഷ്ണുപ്രിയയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മണിക്കൂറുകൾക്കകം തന്നെ പോലീസ് പ്രതിയെ പിടികൂടിയിരുന്നു. സംഭവം നടന്ന് ഒരു വർഷം ആവാനിരിക്കെയാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്.















