ചെന്നൈ: ബാങ്കിന് സംഭവിച്ച പിഴവിൽ ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലെത്തിയത് 9,000 കോടി രൂപ. ചെന്നൈയിലാണ് സംഭവം. പഴനി നെയ്ക്കരപ്പട്ടി സ്വദേശി രാജ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് 9,000 കോടി രൂപ അബദ്ധത്തിൽ ബാങ്ക് നിക്ഷേപിച്ചത്.
ഓട്ടോ ഡ്രൈവറാണ് രാജ്കുമാർ. കഴിഞ്ഞ ദിവസം തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽനിന്ന് രാജ്കുമാറിന്റെ ഫോണിലേക്ക് ഒരു സന്ദേശം ലഭിച്ചു. രാജ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ നിക്ഷേപിച്ചെന്നായിരുന്നു സന്ദേശം. ആദ്യം പറ്റിക്കപ്പെടുകയാണെന്നാണ് കരുതിയത്.
കോടി കണക്കിന് തുക അക്കൗണ്ടിലെത്തിയതിന്റെ ഞെട്ടലിൽ, ഇത് സത്യമാണോ എന്നറിയാനായി സുഹൃത്തിന് 21,000 രൂപ അയച്ചുകൊടുത്തു. പണം സുഹൃത്തിനു കിട്ടി. 105 രൂപ മാത്രമുള്ള തന്റെ ബാങ്ക് അക്കൗണ്ടിൽ എങ്ങനെയാണ് ഇത്രയും പണം വന്നതെന്നറിയാതെ രാജ്കുമാർ ആശയ കുഴപ്പത്തിലായി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തമിഴ്നാട് മെർക്കന്റൈൽ ബാങ്കിന്റെ ഹെഡ് ഓഫീസ് പ്രവർത്തിക്കുന്ന തൂത്തുക്കുടിയിൽ നിന്ന് രാജ്കുമാറിന് ഫോൺ വിളിയെത്തി. 9,000 കോടി രൂപ അബദ്ധത്തിൽ നിക്ഷേപിച്ചതാണെന്ന് അറിയിച്ചു. ബാങ്ക് രാജ്കുമാറിന്റെ അക്കൗണ്ടിൽനിന്ന് 9,000 കോടി രൂപ പിൻവലിക്കുകയും ചെയ്തു.
തുടർന്ന് ബാങ്കിന്റെയും രാജ്കുമാറിന്റെയും അഭിഭാഷകർ ചെന്നൈ ത്യാഗരായ നഗറിലുള്ള തമിഴ്നാട് മെർക്കന്റൈൽ ബാങ്കിന്റെ ശാഖയിലെത്തി ഒത്തുതീർപ്പിലെത്തി. 9000 കോടി രൂപയിൽനിന്ന് പിൻവലിച്ച 21,000 രൂപ തിരികെ നൽകണ്ടെന്നും വാഹന വായ്പ നൽകാമെന്നും ബാങ്ക് അറിയിച്ചതായി രാജ്കുമാർ പറഞ്ഞു.