ദുബായ്: പാസ്പോർട്ട് ഇല്ലാതെ യാത്ര ചെയ്യാനുള്ള നൂതന സംവിധാനമൊരുക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ചാണ് യാത്രികർക്ക് സമയം ലാഭിക്കാവുന്ന സൗകര്യമൊരുക്കിയിരിക്കുന്നത്. ടെർമിനൽ മൂന്നിലെത്തുന്ന എമിറേറ്റ്സ് എയർലൈൻസ് യാത്രികർക്കാണ് ആദ്യ ഘട്ടത്തിൽ ഈ സേവനം ലഭ്യമാകുന്നത്.
ഈ വർഷം അവസാനത്തോടെ ടെർമിനൽ മൂന്നിലെ യാത്രക്കാർക്ക് ഈ സംവിധാനം ഉപയോഗിക്കാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ബയോമെട്രിക്സ് വിവരങ്ങളും ഫേഷ്യൽ റെകഗ്നിഷനും വഴിയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പാസ്പോർട്ട് രഹിത സേവനം ലഭ്യമാക്കുന്നത്. യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ ലഭിക്കുമെന്നതിനാൽ ഇവർ വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് തന്നെ പ്രൊഫൈലിംഗും നടത്താൻ സാധിക്കും.
സ്മാർട്ട് ഗേറ്റിൽ എത്തിയാൽ വിരലടയാളവും മുഖവും തിരിച്ചറിഞ്ഞ് ബാക്കി നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ഈ സംവിധാനം മികവുറ്റതാക്കാൻ ബിഗ് ഡാറ്റയെ ആശ്രയിക്കും. വിവിധ എയർപോർട്ടുകൾ യാത്രക്കാരുടെ പൂർണ വിവരം കൈമാറിയാൽ എമിഗ്രേഷൻ അടക്കമുള്ള നടപടി ഭാവിയിൽ സുഗമമാക്കാൻ കഴിയും.
നവംബര്‍ മുതല്‍ ടെര്‍മിനല്‍ മൂന്നില്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.