പുതുച്ചേരി: ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. പുതുച്ചേരി വില്ലിയന്നൂരിൽ ബിജെപി പ്രവർത്തകനായിരുന്ന സെന്തിൽ കുമാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 13 പേരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. സെന്തിലിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതാണ് കേസ്.
കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. ബേക്കറിക്ക് മുൻപിൽ മോട്ടോർ സൈക്കിളിലെത്തിയ ആറംഗ സംഘം സെന്തിലിന് നേരെ ബോംബെറിഞ്ഞു. പിന്നാലെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. തുടർന്ന് സംഭവസ്ഥലത്ത് തന്നെ സെന്തിൽ മരണപ്പെട്ടു. വില്ലിയനൂരിലെ നാട്ടുകാരിൽ ഭീതി പരത്തുകയായിരുന്നു ആക്രമിസംഘത്തിന്റെ ലക്ഷ്യം.
കേസിലെ സൂത്രധാരനായ നിത്യാനന്ദം, കൂട്ടാളികളായ വിഘ്‌നേഷ്, ശിവശങ്കർ, രാജ, പ്രദാപ്, കാർത്തികേയൻ, വെങ്കടേഷ്, രാജാമണി, ഏഴുമല, കതിർവേൽ, രാമചന്ദ്രൻ, ലക്ഷ്മണൻ, ദിലീപൻ, രാമനാഥൻ എന്നിവരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ആയുധ നിയമം, സ്‌ഫോടകവസ്തു നവിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
നിത്യനന്ദ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തതായും സഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിനായി ഭീകരസംഘം രൂപീകരിച്ചെന്നും എൻഐഎ കണ്ടെത്തിയിരുന്നു.