ചണ്ഡീഗഢ്: ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. പഞ്ചാബ്, അമൃത്സർ, ചണ്ഡീഗഡ് എന്നിവടങ്ങളിലെ സ്വത്തുക്കളാണ് എൻഐഎ കണ്ടുകെട്ടിയിരിക്കുന്നത്. അമൃത്സർ ജില്ലയുടെ പ്രാന്തപ്രദേശത്തുള്ള ഖാൻകോട്ടിലെ കാർഷിക ഭൂമിയും ചണ്ഡീഗഢിലെ സെക്ടർ 15 സി വീടും ഉൾപ്പെടുന്ന സ്വത്തുക്കളാണ് കോടതി ഉത്തരവോടെ എൻഐഎ പിടിച്ചെടുത്തിരിക്കുന്നത്. മൊഹാലി എൻഐഎ കോടതിയുടേതായിരുന്നു ഉത്തരവ്.
പന്നുവിന് ഇനി വസ്തുവിൽ അവകാശമില്ലെന്നും ഇപ്പോൾ മുതൽ സർക്കാരിന്റെ സ്വത്തായി മാറിയെന്നും എൻഐഎ വീടിന് പുറത്ത് ബോർഡ് വെച്ചു. 2020ൽ മൊഹാലിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പന്നുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഉത്തരവനുസരിച്ച് ഈ വീടിന്റെ നാലിലൊന്ന് ഭാഗം നേരത്തെ തന്നെ അറ്റാച്ച് ചെയ്തിരുന്നു. ഇതോടൊപ്പം അമൃത്സറിലെ ഖാൻകോട്ട് ഗ്രാമത്തിൽ പന്നുവിന്റെ കൃഷിഭൂമിയും ഇപ്പോൾ കണ്ടുകെട്ടിയിട്ടുണ്ട്.
ഖലിസ്ഥാനി ഭീകരൻ പന്നുവിന്റെ പ്രസംഗം വിദ്വേഷ കുറ്റകൃത്യമായി രജിസ്റ്റർ ചെയ്യണമെന്ന് കനേഡിയൻ ഹിന്ദുക്കൾ ട്രൂഡോ സർക്കാരിന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പന്നു നിലവിൽ അമേരിക്കയിലാണ്. ഇന്ത്യക്കെതിരെ വിദ്വേഷപ്രസംഗങ്ങളുടെ വീഡിയോകൾ തുടർച്ചയായി പുറത്തുവിടുകയും കാനഡയിൽ താമസിക്കുന്ന ഹിന്ദുക്കൾ രാജ്യം വിട്ടുപോകണമെന്ന് ഇയാൾ വീഡിയോയുലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഐഎസ്‌ഐയുടെ സഹായത്തോടെ സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടന രൂപീകരിച്ചാണ് ഇയാൾ ഇന്ത്യ-വിരുദ്ധ, വിഘടനവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. പന്നുവിന്റെ സംഘടന പഞ്ചാബിലെ ജനങ്ങളെ ഭീകരവാദത്തിനും വിഘടനവാദത്തിനും പ്രേരിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. തുടർന്ന് 2019-ൽ ഇന്ത്യ ഈ സംഘടനയെ നിരോധിച്ചു. ഖലിസ്ഥാൻ അനുകൂലികളുമായി ചേർന്ന് നിരവധി ഇന്ത്യാവിരുദ്ധ സമരങ്ങൾക്ക് വിദേശത്ത് നേത്വത്വം നൽകിയിട്ടുണ്ട്.