ഡൽഹി യുണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് എബിവിപി തൂത്തുവാരിയതിന് പിന്നാലെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ചിത്രത്തിലേക്കാണ് രാഷ്‌ട്രീയ നിരീക്ഷകരടെ ശ്രദ്ധ. ഡിയു തിരഞ്ഞെടുപ്പ് എന്നും ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ഈ രണ്ട് തിരഞ്ഞെടുപ്പുകളും തമ്മിൽ യാദൃശ്ചികമായ എന്തോ ബന്ധമുണ്ട്. ഇത് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ചിത്രങ്ങൾ.
കഴിഞ്ഞ അഞ്ച് തവണയും ഇതിന്റെ തനിയാവർത്തനമാണ് നടന്നത്. ഇത്തവണ ഡൽഹി യുണിവേഴ്‌സിറ്റിയിൽ എബിവിപി വിജയിച്ചതോടെ ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുകയാണ് നിരീക്ഷകർ. 1997, 1998, 2003, 2008, 2013 വർഷങ്ങളിൽ നടന്ന ഡിയു തിരഞ്ഞെടുപ്പിന് ഒരു വർഷത്തിനുശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പികളിൽ ഇത് നടന്നിട്ടുണ്ട്. ഈ വർഷത്തെ ഡിയു തിരഞ്ഞെടുപ്പ് 2013-ലെ ഫലങ്ങളുടെ തനിയാവർത്തനമാണ്. അതിനാൽ തന്നെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമോ എന്നാണ് നിരീക്ഷരുടെ ശ്രദ്ധ.
2013-ൽ നടന്ന ഡിയു തിരഞ്ഞെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ എബിവിപി നേടിയിരുന്നു. തൊട്ടടുത്ത വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൻമോഹൻ സർക്കാരിനെ സ്ഥാനഭ്രഷ്ടരാക്കി എൻഡിഎ അധികാരത്തിലെത്തി. 1997-ലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാല് സ്ഥാനങ്ങളും എബിവിപി നേടിയപ്പോൾ, 1998-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാജ്പേയ് സർക്കാരാണ് അധികാരത്തിലെത്തയത്. എന്നാൽ 2003-ലെ തിരഞ്ഞെടുപ്പിൽ നാല് പോസ്റ്റുകളും എൻഎസ്‌യുവാണ് വിജയിച്ചത്. തുടർന്ന് നടന്ന 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തി.