ന്യൂഡൽഹി: ഭീകരതയെ നേരിടാൻ ആഗോള നിയമ ചട്ടക്കൂട് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനായി ലോകരാജ്യങ്ങൾ കൈക്കോർക്കണമെന്നും ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 2023 അന്താരാഷ്‌ട്ര അഭിഭാഷക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 2047-ഓടെ ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള പ്രവർത്തനത്തിൽ നിഷ്പക്ഷവും ശക്തവും സ്വതന്ത്രവുമായ ജുഡീഷ്യറിയുടെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.
‘ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഭാരതം മാറി. 2047-ഓടെ ഒരു വികസിത രാഷ്‌ട്രമായി മാറാനുള്ള ശ്രമത്തിലാണ് നമ്മൾ. ഇതിന് നിഷ്പക്ഷവും ശക്തവും സ്വതന്ത്രവുമായ ഒരു ജുഡീഷ്യറി ആവശ്യമാണ്. സൈബർ ഭീകരത, കള്ളപ്പണം വെളുപ്പിക്കൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം എന്നിവ തടയുന്നതിന് ആഗോള നിയമ ചട്ടക്കൂട് കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഒരു സർക്കാരിന് ഇത് ചെയ്യാൻ കഴിയില്ല. പൊതുവായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കണം. അങ്ങനെ നമുക്ക് ലോകത്ത് സമാധാനം സ്ഥാപിക്കാൻ കഴിയും. വിവിധ രാജ്യങ്ങളുടെ നിയമ ചട്ടക്കൂടുകൾ ഒരുമിച്ച് ചേരേണ്ടതുണ്ട്’.
‘ഭാരതം അടുത്തിടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കി. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ നിയമ സാഹോദര്യം വലിയ പങ്ക് വഹിച്ചു. പല അഭിഭാഷകരും തങ്ങളുടെ പ്രാക്ടീസ് ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിൽ ചേർന്നു. ഇന്ന് ലോകം ഭാരതത്തിൽ വിശ്വാസം അർപ്പിക്കുന്നുണ്ടെങ്കിൽ, അതിന് ഭാരതത്തിന്റെ സ്വതന്ത്ര ജുഡീഷ്യറിക്ക് വലിയ പങ്കുണ്ട്. ഭാഷയും നിയമത്തിന്റെ ലാളിത്യവും നീതിന്യായ വ്യവസ്ഥയുടെ മറ്റൊരു മേഖലയാണ്, അത് അധികം ചർച്ച ചെയ്യപ്പെടാറില്ല. മുമ്പ്, ഏത് നിയമവും തയ്യാറാക്കുന്നത് വളരെ സങ്കീർണ്ണമായിരുന്നു. ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് നമ്മൾ’.
‘ഡാറ്റാ പ്രൊട്ടക്ഷൻ നിയമം ലഘൂകരിക്കാനുള്ള ആദ്യ ചുവടുവെപ്പ് നമ്മൾ സ്വീകരിച്ചു. ലളിതമായ രീതിയിലും പരമാവധി ഇന്ത്യൻ ഭാഷകളിലും നിയമങ്ങൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. കേന്ദ്രസർക്കാർ രണ്ട് തരത്തിൽ നിയമം നിർമ്മിക്കണമെന്നാണ് ചിന്തിക്കുന്നത്. ഒരു കരട് അഭിഭാഷകർക്ക് പരിചിതമായ ഭാഷയിലായിരിക്കും, രണ്ടാം കരട് രാജ്യത്തെ സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിലും. വനിതാ സംവരണ ബിൽ പാസാക്കിയതും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ-3 ദൗത്യം വിജയകരമായി ഇറക്കിയതും ഉൾപ്പെടെ ഭാരതത്തിലെ നിരവധി സുപ്രധാന സംഭവ വികാസങ്ങൾക്കൊപ്പമാണ് ഈ അഭിഭാഷക സമ്മേളനം നടക്കുന്നതും’- പ്രധാനമന്ത്രി പറഞ്ഞു.