വിക്രം ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. 2016- ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. ശേഷം 2017 ൽ സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു. എന്നാൽ പല കാരണങ്ങളാൽ ചിത്രം വൈകുകയായിരുന്നു. ഇതിനിടെ ചിത്രത്തിലെ ഒരു ഗാനം പുറത്തും വന്നു. സിനിമ ഉടൻ പ്രദർശനത്തിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നുവെങ്കിലും, റിലീസ് പിന്നെയും നീണ്ടു പോയി.
ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമം ആയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ധ്രുവനച്ചത്തിരത്തിന്റെ സംവിധായകൻ ഗൗതം വസുദേവ് മേനോൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2023 നവംബർ 24ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ഏകദേശം ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
നേരത്തെ റിലീസ് തീയതിയിൽ ചില അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെ ആണ് ഔദ്യോഗികമായി റിലീസ് തീയതി സംവിധായകൻ തന്നെ അറിയിക്കുന്നത്. റിലീസ് വിവരം പങ്കുവച്ചു കൊണ്ട് ട്രെയിലറിന് സമാനമായൊരു വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. പക്ക ആക്ഷൻ സ്പൈ ത്രില്ലർ ആയിരിക്കും ചിത്രമെന്ന് വീഡിയോ ഉറപ്പു നൽകുന്നു. ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
വിനായകനാണ് ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത്. റിതു വർമ്മയാണ് ചിത്രത്തിൽ വിക്രമിന്റെ നായിക. സിമ്രാനും ചിത്രത്തിൽ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.