സിനിമയെ വെല്ലുന്ന രസകരമായ കഥകളാണ് സിനിമകളുടെ അണിയറയിൽ സംഭവിക്കുന്നത്. കാലങ്ങൾക്കിപ്പുറം ഓർത്തെടുക്കുമ്പോൾ അതെല്ലാം കൗതുകം സമ്മാനിക്കുന്ന ഓർമ്മകളാണ്. അത്തരത്തിൽ മലയാള സിനിമയിൽ ഒരിക്കലും മറക്കാനകാത്ത രണ്ട് ഹിറ്റ് ചിത്രങ്ങളുടെ പിന്നിലെ രസകരമായ കഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 1986ൽ ഫാസിലിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തിയ ചിത്രമാണ് ‘പൂവിന് പുതിയ പൂന്തെന്നൽ’. ഈ ചിത്രത്തിൽ റസ്റ്റ് ബ്രൗൺ നിറത്തിൽ ഡബിൾ പോക്കറ്റുള്ള ഷർട്ട് നടൻ അണിയുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടി ധരിച്ച ആ ഷർട്ടാണ് നാലു വർഷങ്ങൾക്കിപ്പുറം പുറത്തിറങ്ങിയ ‘റാംജി റാവ് സ്പീക്കിങ്ങി’ൽ വില്ലൻ റാംജി റാവു(വിജയരാഘവൻ)വിന്റെ ഷർട്ടായി മാറിയത്. അതെങ്ങനെ റാംജി റാവുവിന്റെ കയ്യിൽ എത്തിയെന്ന് വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തുകയാണ് പൂവിന് പുതിയ പൂന്തെന്നൽ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബാബു ഷാഹിർ.
അന്നും ഇന്നും മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് ആയ താരങ്ങളിലൊരാളാണ് മമ്മൂട്ടി. അതിനാൽ തന്നെ, സിനിമകളിൽ ഏതു വസ്ത്രം ധരിച്ചാലും തിളങ്ങുന്ന താരത്തിന്റെ എല്ലാ വസ്ത്രങ്ങളും പല കാലങ്ങളിലായി ഫാഷൻ പ്രേമികളുടെ ഇഷ്ടം കവർന്നിട്ടുണ്ട്. അന്ന് ചിത്രത്തിന്റെ ലൊക്കേഷനിൽ തന്നെ ആ ഷർട്ടും അതണിഞ്ഞ മമ്മൂട്ടിയുടെ സൗന്ദര്യവും ആരാധനയോടെ നോക്കി നിന്ന നിരവധി ആളുകളുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു, നടനും സംവിധായകനുമായ ലാൽ. പൂവിന് പുതിയ പൂന്തെന്നൽ സിനിമ നടക്കുമ്പോൾ ഫാസിലിന്റെ അസിസ്റ്റൻസായി സിദ്ധീഖ്-ലാൽ ജോലി ചെയ്തിരുന്ന കാലഘട്ടമായിരുന്നു.
അങ്ങനെ സെറ്റിലെ എല്ലാവരും നോട്ടമിട്ട മമ്മൂട്ടി ധരിച്ച ആ ഷർട്ട് സ്വന്തമാക്കാൻ ലാലും ആഗ്രഹിച്ചു. ഷൂട്ട് കഴിഞ്ഞതിന് പിന്നാലെ തന്റെ ആഗ്രഹം ലാൽ മമ്മൂട്ടിയോട് അവതരിപ്പിക്കുകയും സന്തോഷത്തോടെ മമ്മൂട്ടി ആ ഷർട്ട് ലാലിന് സമ്മാനിക്കുകയും ചെയ്തു എന്നതാണ് കൗതുകം എന്നാണ് ഫാസിൽ, സിദ്ധിഖ്-ലാൽ എന്നിവരുടെ അടുത്ത സുഹൃത്ത് കൂടിയായ ബാബു ഷാഹിർ പറയുന്നത്.
ഈ സംഭവം കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷമാണ് സ്വതന്ത്രസംവിധായകരായി സിദ്ദിഖ്-ലാൽ ‘റാംജി റാവ് സ്പീക്കിംഗി’ന്റെ ഷൂട്ട് തുടങ്ങുന്നത്. റാംജി റാവു എന്ന സ്റ്റൈലൻ പേരിനൊപ്പം വില്ലൻ ലുക്കിലും അൽപ്പം വേറിട്ടിരിക്കണം,സ്റ്റൈലാവണം എന്നായിരുന്നു തീരമാനം. കോസ്റ്റ്യൂമിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തത് ലാലായിരുന്നു. അപ്പോഴാണ്, പൂവിന് പുതിയ പൂന്തെന്നൽ’എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ആ പഴയ ഷർട്ടിന്റെ ഓർമ വന്നത്. സിദ്ദിഖും അതു മതിയെന്ന് ശരി വെച്ചതോടെ അത് തന്നെ ഉറപ്പിച്ചു. അതേ നിറത്തിൽ, അതേ മെറ്റീരിയലിൽ റാംജി റാവുവിനുള്ള വസ്ത്രവും കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റ് തയ്‌ച്ചെടുക്കുകയും സിനിമയിൽ ഉപയോഗിക്കുകയുമായിരുന്നു. മാത്രമല്ല അന്ന് ആഗ്രഹിച്ചു സ്വന്തമാക്കിയ ആ ഷർട്ട് ഏറെ നാൾ ലാൽ കൊതിയോടെ കൊണ്ടുനടക്കുകയും ആ ഷർട്ട് അണിഞ്ഞ് പല പരിപാടികളിലും ലാൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നും ബാബു ഷാഹിറും പറയുന്നു.