കന്നഡ മിനിസ്ക്രീൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. നടിക്കൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ആന്ധ്രപ്രദേശിലെ മെഹ്ബൂബ നഗറിലായിരുന്നു അപകടം.
നിയന്ത്രണം നഷ്ടമായ കാർ ഡിവൈഡറിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ശേഷം ഹൈദരാബാദിൽ നിന്ന് വന്ന ഒരു ബസുമായി കാർ കൂട്ടിയിടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മാണ്ഡ്യയിൽ നിന്ന് തിരികെ വരുന്നതിനിടെയാണ് നടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ത്രിനയിനി എന്ന പരമ്പരയിൽ തിലോത്തമ എന്ന കഥാപാത്രമാണ് പവിത്രയ്‌ക്ക് ഏറെ ആരാധകരെ നൽകിയത്. 2009-ലാണ് നടി അഭിനയ രംഗത്തേക്ക് വരുന്നത്. ചില കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.