മലയാള സിനിമയിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു കർണൻ. പൃത്ഥ്വിരാജിനെ നായകനാക്കി 2018-ലാണ് സംവിധായകൻ ആർ.എസ് വിമൽ തന്റെ ഡ്രീം പ്രോജക്ട് പ്രഖ്യാപിച്ചത്. എന്നാൽ ചിത്രീകരണം ആരംഭിക്കാൻ സാധിച്ചില്ല. പിന്നീട് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കർണൻ ഒരുക്കുമെന്ന് സംവിധായകൻ പ്രഖ്യാപിച്ചു. പക്ഷെ, പിന്നങ്ങോട്ട് വർഷങ്ങളോളം ചിത്രത്തെ സംബന്ധിച്ച് അപ്ഡേറ്റുകളൊന്നും ഉണ്ടായിരുന്നില്ല. ആരാധകർ ആകാംക്ഷയോടെ സിനിമയ്‌ക്കായി കാത്തിരിക്കുകയാണ്.
ഇപ്പോഴിതാ, സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ. ‘സൂര്യപുത്ര മഹാവീർ കർണ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് സംവിധായകൻ ആർ.എസ് വിമൽ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി സിനിമയുടെ ടീസറും പുറത്തിറക്കും. യുണൈറ്റഡ് ഫിലിം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസർ സെപ്റ്റംബർ 24( ഇന്ന്) വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്.
സിനിമയുടെ ഏതാനും ചില ഭാഗങ്ങൾ നേരത്തെ ചിത്രീകരിച്ചിരുന്നു. പിന്നീട് കൊറോണയും ലോക്ഡൗണും വന്നതോടെയാണ് ചിത്രീകരണം മുടങ്ങിയത്. പിന്നാലെ, കർണനിൽ നിന്ന് വിക്രം പിന്മാറിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ, റിപ്പോർട്ടുകളെല്ലാം തള്ളിക്കൊണ്ട് വിക്രം നായകനായി കർണൻ ഒരുങ്ങുന്നുവെന്ന വാർത്ത ചിയാൻ ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും ആവേശം തീർക്കുകയാണ്.