അഭിനയരംഗത്തേയ്‌ക്ക് ചുവടുവെയ്‌ക്കാനൊരുങ്ങി പ്രശസ്ത നർത്തകി മേതിൽ ദേവിക. ദേശീയ പുരസ്‌കാരം നേടിയ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹന്റെ പുതിയ ചിത്രമായ ‘കഥ ഇന്ന് വരെ’ എന്ന സിനിമയിലാണ് ദേവിക നായികയാകുന്നത്. ബിജു മേനോനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
ഏറെ പരിചിതമായ, എന്നാൽ സിനിമയിൽ ഇതുവരെ പരിചയപ്പെടുത്തിയിട്ടില്ലാത്ത ഒരു മുഖത്തിനുവേണ്ടി ഞാൻ അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് ദേവികയിൽ ഇരുത്തം വന്ന ഒരു അഭിനേത്രിയെ തനിക്ക് കാണാൻ സാധിച്ചതെന്ന് വിഷ്ണു മോഹൻ പറഞ്ഞു.
സിനിമയിൽ നേരത്തെ മുതൽ അവസരങ്ങൾ വന്നിരുന്നു. എന്നാൽ തന്റെ ഇഷ്ട മേഖല നൃത്തമായിരുന്നതുകൊണ്ടാണ് നൃത്തത്തിൽ തന്നെ ഉറച്ച് നിന്നത്. എന്നാൽ ഇപ്പോൾ ആ തീരുമാനത്തിൽ മാറ്റമുണ്ടായതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചു ദേവികയും തുറന്നു പറയുന്നു.
‘എന്നെ ഈ ചിത്രത്തിൽ എത്തിക്കാൻ വിഷ്ണു ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്. മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേതെന്ന് ഈ കാലയളവിനുള്ളിൽ ഞാൻ തിരിച്ചറിഞ്ഞു. തന്റെ മനസ്സിലുള്ള നായിക ഞാൻ മാത്രമാണ് എന്ന് ബോധ്യപ്പെടുത്താനും വിഷ്ണുവിനായി,’ എന്നായിരുന്നു മേതിൽ ദേവികയുടെ വാക്കുകൾ.